റോഹിങ്ക്യകളോട് കരുണയില്ല: ഇന്ത്യയില്‍ അഭയം നല്‍കില്ലെന്ന് രാജ്‌നാഥ് സിംഗ്

single-img
21 September 2017

റോഹിങ്ക്യ അഭയാര്‍ത്ഥികളുടേത് മനുഷ്യാവകാശ പ്രശ്‌നമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയില്‍ ജീവിക്കുന്ന റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ അഭയാര്‍ത്ഥികളല്ലെന്നും മ്യാന്മറില്‍ നിന്ന് അനധികൃതമായി കുടിയേറിയവരാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

റോഹിങ്ക്യകളെ തിരിച്ചയയ്ക്കുന്നതിനോട് എതിര്‍പ്പുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും, ഇവരെ തിരികെ സ്വീകരിക്കാന്‍ മ്യാന്മര്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് രാജ്‌നാഥ് സിങ് റോഹിങ്ക്യകള്‍ക്കെതിരെ തുറന്നടിച്ചത്.

ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയിട്ടുള്ള റോഹിങ്ക്യകളെ ഉടന്‍ തിരിച്ചയക്കണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. റോഹിങ്ക്യകളെ തിരിച്ചെടുക്കാന്‍ മ്യാന്‍മര്‍ തയ്യാറാകണം. ഇന്ത്യക്കാര്‍ എന്തിന് അവരുടെ മൗലികാവകാശത്തെ കുറിച്ച് ആശങ്കപ്പെടണമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായ എച്ച് എല്‍ ദത്തുവിന്റെ സാന്നിദ്ധ്യത്തിലാണ് രാജ്‌നാഥ് സിങ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. നേരത്തേ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റോഹിങ്ക്യന്‍ വിഷയം ഒരു മനുഷ്യാവകാശ പ്രശ്‌നമാണെന്നെന്ന് എച്ച് എല്‍ ദത്തു പറഞ്ഞിരുന്നു. അദ്ദേഹത്തിനുള്ള മറുപടി കൂടിയാണ് രാജ്‌നാഥ് സിങ് നല്‍കിയിരിക്കുന്നത്.

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ രാജ്യത്തുനിന്നും ഒഴിപ്പിക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അഭയാര്‍ഥികളെ ഇന്ത്യയില്‍ എത്തിക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ ബംഗാള്‍, ത്രിപുര, മ്യാന്‍മാര്‍ എന്നിവിടങ്ങള്‍ കേന്ദ്രികരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് ഐഎസ്, ഐഎസ്‌ഐ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രോഹിംഗ്യന്‍ കേസ് ഒക്ടോബര്‍ മൂന്നിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് രാജ്‌നാഥ് സിംഗ് വിഷയത്തില്‍ നിലപാട് അറിയിച്ചത്. ഏതാണ്ട് 40000 റോഹിങ്ക്യകളാണ് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി കഴിയുന്നത്.