മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ കോണ്‍ഗ്രസ് വിട്ടു: ബിജെപിയിലേക്കെന്ന് സൂചന

single-img
21 September 2017

മുംബൈ: കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ പാര്‍ട്ടി വിട്ടു. മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും ഭാവി പരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം റാണെ ബിജെപിയിലേക്ക് ചേക്കേറാനുള്ള നീക്കമാണെന്നാണ് സൂചന. റാണെയും രണ്ടു മക്കളും ബിജെപി പാളയത്തിലേക്ക് കൂടുമാറുന്നുവെന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളെ ഇല്ലാതാക്കുമെന്നാണ് രാജി പ്രഖ്യാപിച്ച ശേഷം റാണെ പറഞ്ഞത്.

തന്റെ രാജി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അതിനാലാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തത് മുതല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു നാരായണ്‍ റാണെ. എന്നാല്‍ കൊങ്കണ്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമുള്ള റാണെയുടെ വരവ് മേഖലയില്‍ പാര്‍ട്ടിക്ക് കരുത്ത് പകരുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

സംസ്ഥാനത്ത് ബിജെപിക്ക് കാര്യമായ ശക്തിയില്ലാത്ത ഏക മേഖല കൊങ്കണാണ്. അതോടൊപ്പം ഇടഞ്ഞ് നില്‍ക്കുന്ന ശിവസേനയുടെ സമ്മര്‍ദം അതിജീവിക്കാമെന്നും ബിജെപി ഇതിലൂടെ ലക്ഷ്യമിടുന്നു. മന്ത്രിസ്ഥാനവും മക്കള്‍ക്ക് രണ്ട് പേര്‍ക്കും അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റുമാണ് റാണെ ബിജെപി നേതൃത്വത്തോട് ചോദിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.