തമിഴ്‌നാട് സര്‍ക്കാരിന് ആശ്വാസം; ദിനകരന് തിരിച്ചടി: വിശ്വസവോട്ടെടുപ്പ് ഉടന്‍ വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി

single-img
20 September 2017

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്‌നാട്ടില്‍ വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന് ഏര്‍പ്പെടുത്തിയ സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വിശ്വാസവോട്ടെടുപ്പ് പാടില്ല. ഒക്ടോബര്‍ നാലിന് കേസ് വീണ്ടും പരിഗണിക്കും. വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് ടി.ടി.വി.ദിനകരന്‍ പക്ഷവും ഡി.എം.കെയും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പളനിസാമി സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തി 21 എം. എല്‍. എമാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ദിനകരന്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ വിശ്വാസവോട്ടെടുപ്പിനായി നിയമസഭ ഉടന്‍ വിളിച്ചു കൂട്ടാന്‍ ഗവര്‍ണറോട് നിര്‍ദ്ദേശിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്‍ ഹൈക്കോടതിയെ സമീപിച്ചത്.

തുലാസിലാടുന്ന തമിഴ്‌നാട് സര്‍ക്കാരിന് ആശ്വാസമാകുന്നതും സര്‍ക്കാരിനെ മറച്ചിടാന്‍ ശ്രമിക്കുന്ന ദിനകരന്‍ പക്ഷത്തിന് തിരിച്ചടിയാകുന്നതുമാണ് ഹൈക്കോടതി വിധി. എന്നാല്‍ അയോഗ്യരാക്കിയ 18 എംഎല്‍എമാരുടെ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.

തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് എടപ്പാടി പളനിസാമിയെ മാറ്റണമെന്നാവശ്യപ്പെട്ടു ഗവര്‍ണര്‍ക്കു കത്തുനല്‍കിയ അണ്ണാ ഡിഎംകെയിലെ 18 ദിനകരപക്ഷ എംഎല്‍എമാരെയാണ് സ്പീക്കര്‍ പി.ധനപാല്‍ അയോഗ്യരാക്കിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരമാണു നടപടി. 18 നിയമസഭാ മണ്ഡലങ്ങളില്‍ ഒഴിവുണ്ടെന്നറിയിച്ചു തിരഞ്ഞെടുപ്പു കമ്മിഷനു കത്തും നല്‍കിയിരുന്നു.