ഉത്തര്‍പ്രദേശില്‍ ഒരേസ്ഥലത്ത് മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് ട്രെയിനുകള്‍ പാളംതെറ്റി

single-img
19 September 2017

റെയില്‍വേ മന്ത്രി മാറിയിട്ടും ട്രെയിന്‍ അപകടം തുടര്‍ക്കഥയാകുന്നു. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ ഒരേസ്ഥലത്ത് മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് ട്രെയിനുകള്‍ പാളംതെറ്റി. ബുര്‍വാള്‍ബലാമു പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍ പാളംതെറ്റിയ അതേ സ്ഥലത്ത് ഇന്ന് ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി. രണ്ട് അപകടങ്ങളിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോലീസും റെയില്‍ അധികൃതരും സംഭവസ്ഥലം സന്ദര്‍ശിച്ചു.

ഈ മാസം ഉണ്ടാകുന്ന ആറാമത്തെ ട്രെയിന്‍ അപകടമാണിത്. സെപ്തംബര്‍ ഏഴിന് രാജ്യത്ത് മൂന്ന് ട്രെയിന്‍ അപകടങ്ങളാണ് ഉണ്ടായത്. മഹാരാഷ്ട്രയിലെ കണ്ട്‌ലയില്‍ ചരക്കു തീവണ്ടിയും, ദില്ലിയില്‍ രാജധാനി എക്‌സ്പ്രസും, യുപിയില്‍ ശക്തിപഞ്ച് എക്‌സ്പ്രസും പാളം തെറ്റിയിരുന്നു.

സെപ്തംബര്‍ 9 ന് ജമ്മുവില്‍ സീല്‍ദാ എക്‌സ്പ്രസും, സെപ്തംബര്‍ 17 ന് ജല്‍പായ്ഗുരി ജില്ലയിലെ ധുപ്ഗുരിയില്‍ ചരക്കുട്രെയിനും പാളെ തെറ്റിയിരുന്നു. അടിക്കടിയുണ്ടാകുന്ന ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് സുരേഷ് പ്രഭു റെയില്‍വേ വകുപ്പ് ഒഴിവാക്കി തരണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ റെയില്‍വേ വകുപ്പ് പീയൂഷ് ഗോയലിന് പ്രധാനമന്ത്രി നല്‍കുകയായിരുന്നു.