‘എന്തിന് വീണ്ടും വന്നു’ എന്ന് ദിലീപിനോട് കോടതി: ജാമ്യഹര്‍ജി 26ലേക്കു മാറ്റിവച്ചു; മഞ്ജു വാര്യര്‍ക്കെതിരെയും ആരോപണം

single-img
19 September 2017


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിനായുള്ള നടന്‍ ദിലീപിന്റെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജി ഹൈക്കോടതി ഈ മാസം 26ലേക്കു മാറ്റിവച്ചു. നേരത്തെ പരിഗണിക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി.

ജാമ്യഹര്‍ജിയുമായി വീണ്ടും എന്തിന് വന്നുവെന്ന് ദിലീപിന്റെ അഭിഭാഷകരോട് ഹൈക്കോടതി ചോദിച്ചു. മുന്‍പ് രണ്ടു തവണ ജാമ്യം നിഷേധിച്ച ജസ്റ്റീസ് സുനില്‍ പി. തോമസിന്റെ ബെഞ്ചില്‍ തന്നെയാണ് ഹര്‍ജി വീണ്ടും എത്തിയിരിക്കുന്നത്. മുന്‍പ് രണ്ടു തവണയും ജാമ്യം നിഷേധിക്കാന്‍ കാരണമായ സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ഇതിന് മാറ്റം വന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

അന്വേഷണം മുന്നോട്ടുപോവുകയാണ്. ആകെയുണ്ടായ മാറ്റം ദിലീപിന്റെ ജുഡീഷല്‍ കസ്റ്റഡി കാലാവധി നീട്ടി എന്നത് മാത്രമാണ്. ഈ സാഹചര്യം നിലനില്‍ക്കുമ്പാള്‍ വീണ്ടും എന്തിന് ജാമ്യാപേക്ഷയുമായി വന്നു എന്ന സുപ്രധാന ചോദ്യമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചത്.

അതേസമയം കൂടുതല്‍ സമയം വേണമെന്നും 26ന് ഹര്‍ജി പരിഗണിച്ചാല്‍ മതിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 25ന് നാദിര്‍ഷായുടെയും കാവ്യാ മാധവന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

അന്ന് സര്‍ക്കാര്‍ വിശദമായ മറുപടി നല്‍കുന്നുണ്ടെന്നും അതുകൂടി പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഹര്‍ജി 26ന് പരിഗണിക്കാനായി കോടതി മാറ്റിവെച്ചത്. ഹൈക്കോടതിയില്‍ ഇതു മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി എത്തുന്നത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ള തന്നെയാണു ദിലിപീനായി ഹാജരായത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയില്‍ ഇന്ന് വീണ്ടും ദിലീപിനായി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടുകയും ഉച്ചതിരിഞ്ഞ് 1.45 ന് ഹര്‍ജി പരിഗണിക്കുകയുമായിരുന്നു.

അതേസമയം, ജാമ്യഹര്‍ജിയില്‍ പരസ്യ സംവധിയാകന്‍ ശ്രീകുമാര്‍ മേനോനും നടി മഞ്ജു വാര്യര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി ബി.സന്ധ്യയുമായി മഞ്ജുവിന് അടുത്ത ബന്ധമുണ്ടെന്ന് ദിലീപ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട് രണ്ടാം ദിവസം സിനിമാ പ്രവര്‍ത്തകര്‍ പ്രതിഷേധ യോഗം ചേര്‍ന്നപ്പോള്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാണ് പറഞ്ഞത്. ഇത് ദുരൂഹതയുണര്‍ത്തുന്നതാണ്. പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയും പകയും ഉണ്ടെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറഞ്ഞു.

ഒരു പരസ്യത്തിന്റെ കരാര്‍ ശ്രീകുമാര്‍ മേനോന് നഷ്ടപ്പെട്ടത് താന്‍ കാരണമാണെന്ന് ശ്രീകുമാര്‍ മേനോന്‍ വിശ്വസിക്കുന്നുണ്ട്. ഇതാണ് അദ്ദേഹത്തിന്റെ വൈരാഗ്യത്തിന് കാരണം. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സ്ഥിരം കുറ്റവാളിയാണ്. സുനില്‍ കുമാറിനെതിരെ 11 കേസുകളുണ്ട്.

ഈ പ്രതിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് പൊലീസ് തനിക്കെതിരെ അന്വേഷണം നടത്തുന്നതെന്നും ദീലിപ് പറയുന്നു. തന്നെ അകാരണമായി ജയിലില്‍ അടച്ചിരിക്കുന്നതിനാല്‍ താന്‍ നായകനാവേണ്ട സിനിമകള്‍ പലതും മുടങ്ങി കിടക്കുകയാണ്. ഇത്തരത്തില്‍ 50 കോടി രൂപയുടെ പ്രോജ്കടുകളാണ് പ്രതിസന്ധിയില്‍ ആയിരിക്കുന്നതെന്നും ദിലീപ് പറഞ്ഞു.

താന്‍ സാക്ഷികളെ സ്വാധീനിച്ചിട്ടില്ല. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കില്ലെന്നും ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ മൂന്നാമത്തെ ജാമ്യാപേക്ഷയില്‍ പറഞ്ഞു. സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട് എന്ന വാദമാണ് ഈ ജാമ്യാപേക്ഷയിലും ദിലീപ് മുന്നോട്ടുവയ്ക്കുന്നത്.

തിങ്കളാഴ്ച അങ്കമാലി മജിസ്‌ട്രേട്ട് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വിലയിരുത്തിയാണ് ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. പ്രതിക്കെതിരെ അതീവ ഗുരുതരമായ കുറ്റമാണ് ആരോപിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നു മജിസ്‌ട്രേട്ട് കോടതി ചൂണ്ടിക്കാട്ടി. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെ ചുമത്തിയിട്ടുള്ളത്. 10 വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ കിട്ടാവുന്ന കേസില്‍ 65 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡില്‍ കഴിയുന്ന തനിക്കു ജാമ്യം അനുവദിക്കണമെന്നാണു ജാമ്യാപേക്ഷയില്‍ ദിലീപ് ആവശ്യപ്പെട്ടത്. ഈ വാദം കോടതി അംഗീകരിച്ചില്ല.