മഞ്ജുവാര്യര്‍ക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ ആഞ്ഞടിച്ച് ദിലീപ്

single-img
19 September 2017


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ഭാര്യ മഞ്ജുവാര്യര്‍ക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ ആരോപണങ്ങളുമായി നടന്‍ ദിലീപ്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി ബി.സന്ധ്യയുമായി മഞ്ജുവിന് അടുത്ത ബന്ധമുണ്ടെന്ന് ദിലീപ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട് രണ്ടാം ദിവസം സിനിമാ പ്രവര്‍ത്തകര്‍ പ്രതിഷേധ യോഗം ചേര്‍ന്നപ്പോള്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാണ് പറഞ്ഞത്. ഇത് ദുരൂഹതയുണര്‍ത്തുന്നതാണ്. പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയും പകയും ഉണ്ടെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറഞ്ഞു.

ഒരു പരസ്യത്തിന്റെ കരാര്‍ ശ്രീകുമാര്‍ മേനോന് നഷ്ടപ്പെട്ടത് താന്‍ കാരണമാണെന്ന് ശ്രീകുമാര്‍ മേനോന്‍ വിശ്വസിക്കുന്നുണ്ട്. ഇതാണ് അദ്ദേഹത്തിന്റെ വൈരാഗ്യത്തിന് കാരണം. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സ്ഥിരം കുറ്റവാളിയാണ്. സുനില്‍ കുമാറിനെതിരെ 11 കേസുകളുണ്ട്.

ഈ പ്രതിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് പൊലീസ് തനിക്കെതിരെ അന്വേഷണം നടത്തുന്നതെന്നും ദീലിപ് പറയുന്നു. തന്നെ അകാരണമായി ജയിലില്‍ അടച്ചിരിക്കുന്നതിനാല്‍ താന്‍ നായകനാവേണ്ട സിനിമകള്‍ പലതും മുടങ്ങി കിടക്കുകയാണ്. ഇത്തരത്തില്‍ 50 കോടി രൂപയുടെ പ്രോജ്കടുകളാണ് പ്രതിസന്ധിയില്‍ ആയിരിക്കുന്നതെന്നും ദിലീപ് പറഞ്ഞു.

താന്‍ സാക്ഷികളെ സ്വാധീനിച്ചിട്ടില്ല. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കില്ലെന്നും ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ മൂന്നാമത്തെ ജാമ്യാപേക്ഷയില്‍ പറഞ്ഞു. സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട് എന്ന വാദമാണ് ഈ ജാമ്യാപേക്ഷയിലും ദിലീപ് മുന്നോട്ടുവയ്ക്കുന്നത്.

ഇതേ വാദം കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. കൂട്ട ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന വാദവും ആവര്‍ത്തിച്ചിട്ടുണ്ട്. നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ഇതിന് അറുപത് ദിവസം കഴിയുമ്പോള്‍ ജാമ്യം ലഭിക്കേണ്ടതാണെന്നുമുള്ള ദിലീപിന്റെ അഭിഭാഷകരുടെ വാദം കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

അറസ്റ്റിലായ ശേഷമുള്ള അഞ്ചാമത്തെ ജാമ്യാപേക്ഷയാണിത്. റിമാന്റ് കാലാവധി 90 ദിവസം പിന്നിടുന്ന ഒക്ടോബര്‍ പത്തിന് മുമ്പ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമെ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുള്ളുവെന്നു കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു.