ജാമ്യം കിട്ടിയേ പറ്റൂ; ഇല്ലെങ്കില്‍ ചിലപ്പോള്‍ വിചാരണ കഴിയുന്നതുവരെ അകത്ത് കിടക്കേണ്ടി വരും: പ്രതീക്ഷ കൈവിടാതെ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

single-img
19 September 2017

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി ഇന്നലെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ദിലീപ് സിംഗിള്‍ ബെഞ്ചിന് മുമ്പാകെ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ഉച്ചയ്ക്ക് 1.45ന് കേസ് പരിഗണിക്കും. മുന്‍പ് രണ്ടു തവണ ഹൈക്കോടതിയും ജാമ്യം നിരസിച്ചിരുന്നു. ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യം തേടി കോടതിയെ സമീപിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ള തന്നെയാണു ദിലിപീനായി ഹാജരാകുന്നത്. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണു പ്രധാന വാദം.

സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്നലെ വിലയിരുത്തിയിരുന്നു. പ്രതിക്കെതിരെ അതീവ ഗുരുതരമായ കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നു മജിസ്‌ട്രേട്ട് കോടതി ചൂണ്ടിക്കാട്ടി.

നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെ ചുമത്തിയിട്ടുള്ളത്. 10 വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ കിട്ടാവുന്ന കേസില്‍ 65 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡില്‍ കഴിയുന്ന തനിക്കു ജാമ്യം അനുവദിക്കണമെന്നാണു ജാമ്യാപേക്ഷയില്‍ ദിലീപ് ആവശ്യപ്പെട്ടത്. ഈ വാദം കോടതി അംഗീകരിച്ചില്ല.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ 90 ദിവസംവരെ സമയമുണ്ടെന്ന പ്രോസിക്യൂഷന്‍ വാദവും ഇന്നലെ കോടതി അംഗീകരിച്ചിരുന്നു. നിയമപ്രകാരം 90 ദിവസം തടവില്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന് സ്വാഭാവികജാമ്യത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ അതിന് മുന്‍പേ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചാല്‍ ദിലീപ് വീണ്ടും ജയിലില്‍ തുടരേണ്ടി വരും. പിന്നെ കേസിന്റെ വിചാരണ പൂര്‍ത്തിയായാല്‍ മാത്രമേ ജാമ്യത്തിന് സാധ്യതയുള്ളൂ. കഴിഞ്ഞ ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.