സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

single-img
18 September 2017

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷയുടെയും കര്‍ണാടകയുടെയും തീരത്തു രൂപംകൊണ്ട അന്തരീക്ഷച്ചുഴികളും മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെയുള്ള ഭാഗത്തു രൂപംകൊണ്ട ന്യൂനമര്‍ദ പാത്തിയുമാണ് പ്രതീക്ഷിച്ചതിലേറെ മഴയ്ക്കു കാരണം.

കനത്ത ജാഗ്രതാനിര്‍ദേശമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകളുള്‍പ്പടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും ഇന്ന് നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തലസ്ഥാനത്തെ പ്രധാനഡാമുകളായ പേപ്പാറയിലെയും നെയ്യാറിലെയും ഷട്ടറുകള്‍ തുറന്നു. ജില്ലയില്‍ തീരപ്രദേശങ്ങളിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജാഗ്രതാനിര്‍ദേശങ്ങള്‍ ഇങ്ങനെ

മലയോര മേഖലകളിലേക്കുള്ള യാത്ര വൈകിട്ട് ആറിനും പുലര്‍ച്ചെ ആറിനും ഇടയില്‍ ഒഴിവാക്കുക

മിന്നല്‍ പ്രളയത്തിനു സാധ്യത. കുട്ടികള്‍ വെള്ളക്കെട്ടിലും പാറമടകളിലും പുഴയിലും തോടുകളിലും ഇറങ്ങുന്നതു തടയണം

പുഴയ്ക്കും തോടിനും കുറുകെ കടക്കുവാനും നീന്താനും ശ്രമിക്കരുത്

മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്ന വര്‍ രാത്രിയില്‍ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറണം.

മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്കു ജാഗ്രത വേണം

വെള്ളപ്പൊക്കം ഉള്ള അവസരത്തില്‍ വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

പൊന്‍മുടി ഉള്‍പ്പെടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിനു പോകുന്നവര്‍ക്കു നിയന്ത്രണം

കോവളത്തും ശംഖുമുഖത്തും ഉള്‍പ്പെടെ കടല്‍ക്ഷോഭം ശക്തമായ ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ സൂക്ഷിക്കണം

ബെംഗളൂരുവില്‍ കനത്തമഴ, മുംബൈ, ഗോവ എന്നിവിടങ്ങളില്‍ ഇന്നുമുതല്‍ കനത്ത മഴയ്ക്കു സാധ്യത. അവിടെ താമസിക്കുന്ന മലയാളികളും യാത്രക്കാരും ജാഗ്രത പാലിക്കണം.