ഈ നാട്ടില്‍ സാധാരണക്കാരന് സുരക്ഷയില്ലേ?: ഒരു വിഐപിക്ക് കാവലിന് മൂന്നു പോലീസുകാര്‍: 663 സാധാരണക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ ഒരു പോലീസുകാരന്‍ മാത്രം

single-img
18 September 2017

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരോ വിഐപിക്കും സംരക്ഷണം ഉറപ്പാക്കുന്നതിന് മൂന്നു പോലീസുകാര്‍ വീതം. എന്നാല്‍ സാധാരണ പൗരന്മാരുടെ കാര്യത്തില്‍ 663 പേരുടെ സുരക്ഷയുറപ്പാക്കാന്‍ ഒരു പോലീസുകാരന്‍ മാത്രമാണുള്ളത്. ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (ബി.പി.ആര്‍.ഡി) തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഈ കണ്ടെത്തല്‍.

രാജ്യത്തെ ഇരുപതിനായിരത്തോളം വരുന്ന വി.ഐ.പികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ശരാശരി മൂന്ന് പോലീസുകാരാണുള്ളത്. 19.26 ലക്ഷം പോലീസുകാരില്‍ 56,944 പേരെ നിയോഗിച്ചിരിക്കുന്നത് 20,828 വി.ഐ.പികള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാണ്. ശരാശരി കണക്കാക്കിയാല്‍ ഒരു വി.ഐ.പിക്ക് ലഭിക്കുന്നത് 2.73 അഥവാ മൂന്നു പോലീസുകാരെയാണ്.

വടക്കേ ഇന്ത്യയിലും കിഴക്കന്‍ ഇന്ത്യയിലുമാണ് വി.ഐ.പി സംസ്‌കാരം ഉയര്‍ന്ന അളവില്‍ നിലനില്‍ക്കുന്നതെന്നും ബി.പി.ആര്‍.ഡി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താരതമ്യേന വി.ഐ.പി സംസ്‌കാരം കുറവാണ്. കേരളത്തില്‍ പോലീസ് സുരക്ഷയുള്ള 57 വി.ഐ.പികളാണുള്ളത്. ഇവര്‍ക്കായി 214 പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരാള്‍ക്കും പോലീസ് സംരക്ഷണം ലഭിക്കാത്തത് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡാറ്റ പുറത്തുവിട്ടപ്രകാരം ബീഹാര്‍ ആണ് കൂടുതല്‍ വിഐപി സംരക്ഷണം നല്‍കുന്ന സംസ്ഥാനം. 3,200 വിഐപികള്‍ക്ക് 6,248 പോലീസുകാര്‍ ആണ്. അതുപോലെ വെസ്റ്റ് ബംഗാളിലും 2,207 വിഐപികള്‍ക്ക് 4,233 പോലീസുകാരും, ജമ്മുകാശ്മീരില്‍ 2,075 വിഐപികള്‍ക്ക് 4,499 പോലീസുകാരുമാണ്.

ഉത്തര്‍പ്രദേശില്‍ 1,901 വിഐപികള്‍ക്ക് 4,681 പോലീസുകാരേയുമാണ് നിയോഗിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ പോലീസ് സുരക്ഷയുള്ള 74 വിഐപികള്‍ക്ക് 961 പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. സാധാരണക്കാര്‍ക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കുന്നതില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഏറെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വി ഐ പി സംസ്‌കാരം ഇല്ലാതാക്കുമെന്ന രാഷ്ട്രീയക്കാരുടെ വാഗ്ദാനം വെറും വാക്കാണെന്ന് വ്യക്തമായി.