നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി നാളത്തേയ്ക്കു മാറ്റി

single-img
18 September 2017

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി നാളത്തേയ്ക്ക് മാറ്റി. സാങ്കേതിക കാരണങ്ങളാലാണ് വിധി പറയുന്നത് മാറ്റിവെച്ചിരിക്കുന്നത്.

പൊലീസ് തന്നെ ഭീഷണിപ്പെടുത്തുകയാണന്നും അറസ്റ്റ് ചെയ്‌തേക്കുമെന്ന ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു.

നാദിര്‍ഷായോട് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി മൊഴി നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഞായറാഴ്ച നാദിര്‍ഷാ അന്വേഷണ സംഘത്തിനുമുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു.

നീണ്ട അഞ്ച് മണിക്കൂറോളമാണ് അന്വേഷണ സംഘം നാദിര്‍ഷയെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസില്‍ താനും ദിലീപും നിരപരാധികളാണെന്ന് നാദിര്‍ഷ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നും നാദിര്‍ഷ പൊലീസിനോട് പറഞ്ഞു.

അതിനിടെ, കേസില്‍ കാവ്യാമാധവനെയും നാദിര്‍ഷായെയും ഇപ്പോള്‍ പ്രതിയാക്കേണ്ട സാഹചര്യമില്ലെന്നു പൊലീസ് അറിയിച്ചു. ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. കാവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയ്ക്ക് മറുപടിയായി നല്‍കുന്ന റിപ്പോര്‍ട്ടിലാണ് കാവ്യയുടേയും നാദിര്‍ഷയുടേയും പങ്ക് അന്വേഷിക്കുന്നുണ്ടെന്ന കാര്യം ഇതാദ്യമായി പോലീസ് സ്ഥിരീകരിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും പലരേയും ഇപ്പോഴും ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കാവ്യയ്‌ക്കോ നാദിര്‍ഷയ്‌ക്കോ ക്ലീന്‍ചിറ്റ് നല്‍കാന്‍ സമയമായിട്ടില്ലെന്ന നിലപാടിലാണ് പോലീസ്