‘ഇരയ്ക്കു പകരം വേട്ടക്കാര്‍ക്കൊപ്പം’: കെപിഎസി ലളിത ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത് സിപിഎമ്മിന് തലവേദനയാകുന്നു

single-img
18 September 2017


തൃശൂര്‍: കെപിഎസി ലളിത ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചത് സിപിഎമ്മിന് തലവേദനയാകുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയ സമയത്തുള്ള ലളിതയുടെ ജയില്‍ സന്ദര്‍ശനമാണ് പ്രധാനമായും പാര്‍ട്ടിക്ക് തലവേദനയായത്. പീഡിപ്പിക്കപ്പെട്ട നടി തൃശൂര്‍ ജില്ലക്കാരിയാണ്. അവരെ കാണുകയോ ആശ്വസിപ്പിക്കുകയോ ചെയ്യാന്‍ തയാറാകാത്ത ലളിത കേസിലെ പ്രതിയായ ദിലീപിനെ കണ്ടതാണ് പാര്‍ട്ടി വനിതാ നേതാക്കളില്‍ അമര്‍ഷമുണ്ടാക്കിയത്.

ഇരയ്ക്കു പകരം വേട്ടക്കാര്‍ക്കൊപ്പമാണു ലളിത നിന്നതെന്ന സമൂഹ്യ മാധ്യമ പ്രചരവും പാര്‍ട്ടിക്കു തലവേദനയുണ്ടാക്കുന്നു. പാര്‍ട്ടി അനുഭാവികള്‍ പോലും ഇത്തരം സന്ദേശങ്ങള്‍ ഗ്രൂപ്പൂകളില്‍ ഷെയര്‍ ചെയ്യുന്നു. വടക്കാഞ്ചേരിയില്‍ സിപിഎം നേതാവ് പീഡനക്കേസില്‍ പ്രതിയായപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കിയാണു തടി രക്ഷിച്ചത്. ഇപ്പോള്‍ സമ്മേളന കാലത്തു ലളിതയുണ്ടാക്കിയ പുലിവാല്‍ വടക്കാഞ്ചേരി അടക്കമുള്ള മേഖലയില്‍ പാര്‍ട്ടിയെ വെട്ടിലാക്കും.

വടക്കാഞ്ചേരിയില്‍ ലളിതയെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രാദേശികമായി ശക്തമായ എതിര്‍പ്പു വന്നതോടെ മാറ്റേണ്ടിവന്നു. ലളിതയ്ക്കു അവര്‍ താമസിക്കുന്ന വടക്കാഞ്ചേരിയിലെ പാര്‍ട്ടി നേതൃത്വവുമായി പ്രാദേശിക നേതാക്കളുമായോ ബന്ധമില്ല എന്നതായിരുന്നു പ്രധാന ആരോപണം. മാത്രമല്ല പെട്ടെന്ന് കീഴ് ഘടകങ്ങളെ മറികടന്നു ലളിതയെ സ്ഥാനാര്‍ഥിയാക്കുന്നതിലുള്ള എതിര്‍പ്പും ശക്തമായിരുന്നു.

മന്ത്രി എ.സി. മൊയ്തീനായിരുന്നു അന്നു ലളിതയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്. എന്നാല്‍ മൊയ്തീന്‍ വടക്കാഞ്ചേരിയോടു തൊട്ടു കിടക്കുന്ന കുന്നംകുളത്തു മത്സരിക്കുമെന്നു വന്നതോടെ അദ്ദേഹം ലളിതാ വിവാദത്തില്‍നിന്നു പിന്മാറി. സ്വാഭാവികമായും അവിടെ പുതിയ സ്ഥാനാര്‍ഥി വരികയും ചെയ്തു.

അതേസമയം സംഗീത നാടക അക്കാദമി പോലുള്ളൊരു സ്ഥാപനത്തിന്റെ തലപ്പത്തിരുന്നു ഇത്തരം പരസ്യ നിലപാടെടുത്തതില്‍ സാംസ്‌ക്കാരിക രംഗത്തുള്ള എതിര്‍പ്പും ശക്തമാണ്. ദിലീപുമായി വ്യക്തമായബന്ധമുണ്ടെങ്കിലും അതു ഇത്തരമൊരു പദവിയില്‍ ഇരിക്കുമ്പോള്‍ കാണിക്കേണ്ടതല്ലെന്നു സാംസ്‌കാരിക നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ലളിതക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തി നാടക സംവിധായകന്‍ ദീപന്‍ ശിവരാമന്‍ രംഗത്തെത്തിയിരുന്നു. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും കെ.പി.എ.സി ലളിതയെ സംസ്ഥാന സര്‍ക്കാര്‍ നീക്കം ചെയ്യണമെന്ന് ദീപന്‍ ശിവരാമന്‍ പറഞ്ഞു.

പീഡനക്കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായി ജയില്‍ കിടക്കുന്ന ഒരാള്‍ക്ക് കെ.പി.എ.സി പിന്തുണ പ്രഖ്യാപിച്ചത് ഒരു കലാകാരി എന്ന നിലയില്‍ അവരുടെ വിശ്വാസ്യതയെ നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തിയായെന്നും സംഗീത നാടക അക്കാദമിയില്‍ പ്രവര്‍ത്തിക്കാനുള്ള യോഗ്യത അവര്‍ക്കില്ലെന്നും കേരളത്തിലെ നാടക കൂട്ടായ്മയോട് കെ.പി.എ.സി ലളിതയെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും ദീപന്‍ ശിവരാമന്‍ പറഞ്ഞിരുന്നു.

നാടക നടന്‍ ദീപന്‍ ശിവരാമന്റെ ഫേസ്ബുക്ക് പങ്കുവച്ച് സജിത മഠത്തിലും രംഗത്തെത്തിയിരുന്നു. ഒന്നും പറയാനില്ല, അവള്‍ക്കൊപ്പം മാത്രം എന്നായിരുന്നു സജിതയുടെ പ്രതികരണം. ഇതിന് മുന്‍പും നിരവധി പ്രമുഖര്‍ സിനിമാ മേഖലയില്‍ നിന്നും ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇതാദ്യമായാണ് സിനിമാ മേഖലയിലുള്ള ഒരു വനിത ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ എത്തിയത്.