നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വേങ്ങരയില്‍ കെ.എന്‍.എ ഖാദര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

single-img
18 September 2017

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഏവരേയും അമ്പരിപ്പിച്ചു കൊണ്ട് മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദറിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. പാണക്കാട്ട് രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണു തീരുമാനം. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യീദ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

നാടകീയമായായിരുന്നു പ്രഖ്യാപനം. അവസാന നിമിഷം വരെ സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്ഥന്‍ കെ.യു, ലത്തീഫിന്റെ പേരാണ്. ഇതിനെ മറികടന്നാണ് കെ.എന്‍.എ ഖാദറിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത്. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയാണ് ഖാദര്‍. യു.എ ലത്തീഫ് കെ.എന്‍.എ ഖാദറിന് പകരം ജില്ലാ ജനറല്‍ സെക്രട്ടറിയാകും.

മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് മത്സരിക്കാനില്ലെന്ന് നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് ഖാദറിനെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്. സംഘനടാ ചുമതലകള്‍ വഹിക്കേണ്ടതിനാല്‍ സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന് മജീദ് ഞായറാഴ്ച അറിയിച്ചിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.