“അകത്തോ പുറത്തോ” എന്നറിയാന്‍ കാവ്യാ മാധവന്‍ അടുത്തയാഴ്ച വരെ കാത്തിരിക്കണം

single-img
18 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതു സംബന്ധിച്ച് ഹൈക്കോടതി പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഇതു ലഭിച്ച ശേഷമാകും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനമെടുക്കുക. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ കാവ്യയ്‌ക്കെതിരെ അന്വേഷണം തുടരുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കാവ്യയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 25 ലേയ്ക്ക് മാറ്റിയിരുന്നു. അടുത്തയാഴ്ച ഈ രണ്ട് ജാമ്യാപേക്ഷകളും കോടതി ഒരുമിച്ച് പരിഗണിക്കാനായിരിക്കും സാധ്യത.

കഴിഞ്ഞ ശനിയാഴ്ചയാണ് കാവ്യയ്ക്ക് വേണ്ടി അഡ്വ. ബി. രാമന്‍പിള്ള ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ അറസ്റ്റ് സാധ്യത മുന്നില്‍കണ്ടാണ് കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അടിയന്തര പ്രധാന്യത്തോടെ ശനിയാഴ്ച തന്നെ പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ചായിരുന്നു കാവ്യാ മാധവന്റെ ജാമ്യാപേക്ഷ. എന്നാല്‍ പ്രതിചേര്‍ക്കാത്ത സാഹചര്യത്തില്‍ അതിന്റെ കാര്യമില്ലെന്നായിരുന്നു കോടതി നിലപാട്.

പള്‍സര്‍ സുനിയെ തന്റെ ഡ്രൈവറാക്കാനും കേസില്‍ ഇല്ലാത്ത മാഡത്തെ സൃഷ്ടിക്കാനുമാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കാവ്യ പറയുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്.

കേസുമായി ബന്ധമില്ലാത്ത തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുകയാണ്. പൊലീസ് നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പള്‍സര്‍ സുനിയെ തനിക്കോ ദിലീപിനോ അറിയില്ല. പള്‍സര്‍ സുനിയെന്ന പേര് മുമ്പ്് കേട്ടിട്ടില്ല.

ഇയാളെ നേരത്തെ കണ്ടിട്ടുമില്ല. കേസില്‍ കുടുക്കാന്‍ നീക്കം നടക്കുന്നതായി ആശങ്കയുണ്ട്. തന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെത്തി അമ്മയേയും സഹോദരെയും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു.

ദിലീപ് അറസ്റ്റിലായതു മുതല്‍ കാവ്യയും സംശയനിഴലിലുണ്ട്. മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളാണ് കാവ്യയെ കുരുക്കിയത്. എല്ലാത്തിനും പിന്നില്‍ ‘മാഡം’ എന്നൊരാളുണ്ടെന്ന് പലതവണ ആവര്‍ത്തിച്ച സുനില്‍, ഒടുവില്‍ ആ മാഡം കാവ്യാ മാധവനാണെന്ന് തുറന്നുപറഞ്ഞിരുന്നു.

കാക്കനാട് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്ര സ്ഥാപനത്തില്‍ സുനില്‍ എത്തിയിരുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്.