സ്ത്രീധനക്കേസ് കൊടുത്ത് ഭര്‍ത്താക്കന്മാരുടെ പണം തട്ടുന്ന ഡോക്ടര്‍ അറസ്റ്റില്‍: വിവാഹ തട്ടിപ്പുകാരിയെ കുടുക്കിയത് മൂന്നാം ഭര്‍ത്താവ്

single-img
18 September 2017

മൂന്നാം ഭര്‍ത്താവിനെതിരെ സ്ത്രീധനക്കേസ് കൊടുത്തതോടെ 37കാരിയായ ഹോമിയോപ്പതി ഡോക്ടറുടെ വിവാഹ തട്ടിപ്പു കഥകള്‍ പുറത്ത്. ചിവാക്കുള സരിത എന്ന ഡോക്ടറാണ് മൂന്നാം ഭര്‍ത്താവിനെതിരെ കേസ് നല്‍കിയതിനിടയില്‍ വിവാഹ തട്ടിപ്പു കേസില്‍ കുടുങ്ങിയത്. സംഭവത്തില്‍ വനിത ഡോക്ടറെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

മുന്‍പ് രണ്ട് തവണ വിവാഹിതയായിരുന്നുവെന്ന് മൂന്നാം ഭര്‍ത്താവ് അറിയുന്നത് തനിക്കെതിരെ കേസ് നല്‍കിയപ്പോഴാണ്. 2015ലാണ് ബി.വി.എസ് പ്രകാശ് എന്നയാള്‍ സരിതയെ വിവാഹം ചെയ്യുന്നത്. തുടര്‍ന്ന് പ്രകാശും മാതാവും തന്നെ സ്ത്രീധനം നല്‍കാത്തതിന് പീഡിപ്പിക്കുകയാണെന്ന് കാട്ടി സരിത പരാതി നല്‍കുകയായിരുന്നെന്ന് പോലീസ് പറയുന്നു.

സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രകാശ് അറസ്റ്റിലാകുകയും റിമാന്‍ഡ് ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രകാശ്, തന്റെ ഭാര്യയുടെ മുന്‍കാല ചരിത്രം അന്വേഷിച്ചു. ഇതില്‍ നിന്നും തന്റെ ഭാര്യ മുന്‍പ് രണ്ട് തവണ വിവാഹം ചെയ്തിട്ടുണ്ടെന്നും ഈ ഭര്‍ത്താക്കന്മാര്‍ക്കെതിരെയും സ്ത്രീധന പീഡന പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും പ്രകാശ് കണ്ടെത്തി.

തുടര്‍ന്ന് തെളിവുകള്‍ ശേഖരിച്ച പ്രകാശ് അത് പ്രകാരം സരിതയ്‌ക്കെതിരെ പരാതി നല്‍കുകയായിരുന്നു. തന്റെ ഭാര്യ മുന്‍പ് രണ്ട് തവണ വിവാഹിതയായിരുന്നുവെന്നും ഇത് തന്നോടും കുടുംബത്തോടും മറച്ച് വെച്ച് തട്ടിപ്പ് നടത്തിയെന്നും, സരിത മെഡിക്കല്‍ പ്രാക്ടീസ് ചെയ്തിരുന്നുവെന്നും എന്നാല്‍ ഇതിന് തക്ക പഠിത്തം ഉണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രകാശ് പരാതിയില്‍ ആവശ്യപ്പെട്ടു.

2005ലും 2007ലും തന്റെ മുന്‍ ഭര്‍ത്താക്കന്മാര്‍ക്കെതിരെ സ്ത്രീധന പീഡനത്തിന് സരിത പരാതി നല്‍കിയിരുന്നെന്നും പ്രകാശ് പരാതിയില്‍ ചൂണ്ടിക്കാട്ടി. ആദ്യവിവാഹത്തിലെ സ്ത്രീധന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ആദ്യ ഭര്‍ത്താവില്‍ നിന്നും 6 ലക്ഷവും 80പവനും സരിത തട്ടിയെടുത്തു.

ഇതു പോലെ തന്നെ രണ്ടാം ഭര്‍ത്താവില്‍ നിന്നും സ്ത്രീധന പരാതി കേസ് ഒത്തു തീര്‍ക്കാന്‍ 9ലക്ഷം രൂപയും തട്ടിയെടുത്തതായും പ്രകാശ് തന്റെ പരാതിയില്‍ വ്യക്തമാക്കി. താന്‍ മാട്രിമോണിയലില്‍ കണ്ട പരസ്യത്തിലൂടെ ആലോചിച്ചാണ് സരിതയെ വിവാഹം കഴിച്ചതെന്നും ഇവരുടെ മുന്‍കാല ചരിത്രങ്ങള്‍ മറച്ച് വെച്ച് തന്നെ കബളിപ്പിച്ചുവെന്നും പ്രകാശ് പരാതിയില്‍ വ്യക്തമാക്കി.