ട്രോളുകള്‍ക്ക് മറുപടിയുമായി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല: ‘ഗമ കാണിച്ചിട്ടില്ല’

single-img
17 September 2017

ദില്ലി: സമൂഹമാധ്യമങ്ങളില്‍ ഇന്ന് നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല. ഭാര്യയെ ട്രോളുന്നതിനെതിരെ അല്‍ഫോണ്‍സ് കണ്ണന്താനം നേരത്തെ രംഗത്തെത്തിയിരിന്നു. ഇതിനു പിന്നാലെയാണ് ഷീല തന്നെ ട്രോളുകള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയത്.

എന്നെ പരിഹസിച്ച് ഇറങ്ങിയ വീഡിയോ ഇതിനകം മൂന്നുലക്ഷത്തി മുപ്പതിനായിരം ആളുകള്‍ കണ്ടെന്നാരോ വിളിച്ചു പറഞ്ഞു. ഇതിനൊക്കെ പ്രകാശത്തേക്കാള്‍ വേഗമാണ്. ഇപ്പോള്‍ പെണ്‍പിള്ളാരു കറുത്ത കണ്ണാടിയൊക്കെ വച്ച് വീണ്ടും കളിയാക്കി ഡബ്‌സ്മാഷ് വീഡിയോ ഒക്കെ ഇറക്കിയെന്നും കേട്ടു.

എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ്. ഞാന്‍ തമാശയിഷ്ടപ്പെടുന്നയാളുമാണ്. ഒരാളെയും മോശമായി ചിത്രീകരിക്കുന്നതു നീതിയല്ലെന്നു വിശ്വസിക്കുന്നു. ഒന്നും ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പുപറഞ്ഞിട്ട് അതൊക്കെ ചാനലുകളില്‍ കാണിക്കുകയായിരുന്നുവെന്ന് ഷീല പറഞ്ഞു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം ഞാനും കുടുംബാംഗങ്ങളും കാറില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് എന്നെ തപ്പി ഒരു ഇംഗ്ലീഷ് ചാനലില്‍ നിന്ന് ഒരു പെണ്‍കുട്ടി വന്നത്. കോട്ടയംകാരിയാണെന്ന് പറഞ്ഞപ്പോള്‍ ആ കുട്ടിയോട് സംസാരിച്ചു. കാറില്‍നിന്നു പുറത്തേക്കിറങ്ങാന്‍ നേരം ചൂടല്ലേ ഇതുവച്ചോയെന്നു പറഞ്ഞു സുഹൃത്തിന്റെ സഹോദരിയാണു കൂളിങ് ഗ്ലാസ് തന്നത്. ദില്ലിയിലെ ചൂട് കാരണം എല്ലാവരും ഇത്തരം ഗ്ലാസുകള്‍ വെക്കാറുണ്ട്. അവിടെ അതൊരു ഗമ കാണിക്കലല്ലെന്നും ഷീല പറഞ്ഞു.

എന്നോട് എന്തെങ്കിലും പറയാന്‍ ചാനല്‍ ലേഖിക പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് ഒന്നും പറയാനില്ല. എന്റെ ഇംഗ്ലിഷ് അത്ര നല്ലതല്ല. ഇങ്ങനെ ചാനലുകളിലൊന്നും മറുപടി പറയാന്‍ പറ്റിയ ആളുമല്ല ഞാന്‍. അന്നേരം കൂടെവന്ന സുഹൃത്തുക്കള്‍ പറഞ്ഞു. ‘ചാനലുകാരോട് സംസാരിച്ചില്ലെങ്കില്‍ നമ്മള്‍ അഹങ്കാരം കാണിച്ചുവെന്ന്’. അതു കേട്ടതോടെയാണ് അറിയാവുന്ന ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതിയെന്ന പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിന്മേല്‍ സംസാരിച്ചു തുടങ്ങിയതെന്ന് ഷീല പറയുന്നു.

ഇംഗ്ലീഷ് ചാനലുകാരോട് മറുപടി പറഞ്ഞതോടെ ശ്വാസം മുട്ടിപ്പോയി. ഇതെല്ലാം കഴിഞ്ഞപ്പോഴാണ് മലയാളം ചാനല്‍ വന്നത്. ഇംഗ്ലിഷ് പറച്ചിലില്‍നിന്നു രക്ഷപ്പെട്ടു വന്നതിന്റെ ആശ്വാസത്തില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. എനിക്ക് ഒന്നും പറയാനില്ലെന്നു പറഞ്ഞപ്പോള്‍ കുശലം പറഞ്ഞാല്‍ മതിയെന്നായി ചാനലുകാര്‍. ഇതൊന്നും ചിത്രീകരിക്കുന്നില്ലല്ലോ എന്നുചോദിച്ചപ്പോള്‍ ഇല്ലെന്നും പറഞ്ഞു. ആ കുശലസംഭാഷണമാണ് ഇപ്പോള്‍ ആളുകള്‍ കണ്ടു ചിരിക്കുന്നത്.

പ്രധാനമന്ത്രി മോദിജിയോടും ബിജെപി പ്രസിഡന്റ് അമിത് ഷാജിയോടും അല്‍ഫോണ്‍സ് കണ്ണന്താനവുമായുള്ള ബന്ധമൊക്കെ ചോദിച്ചപ്പോള്‍ സത്യസന്ധമായി അതൊക്കെ പറഞ്ഞു. ആറു വര്‍ഷമായി അവരോടൊക്കെ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് ഒരു വീട്ടമ്മയെന്ന നിലയില്‍ നോക്കി കണ്ടയാളാണു ഞാന്‍. അതുകൊണ്ടു കുശലസംഭാഷണത്തിനിടെ പറഞ്ഞുവെന്നു മാത്രം. അല്ലാതെ അത് ഒരു ഗമകാണിക്കലല്ലായിരുന്നെന്ന് ഷീല വ്യക്തമാക്കി

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എല്ലായ്‌പ്പോഴും ‘ഞാന്‍ ഞാന്‍’ എന്ന് പറയുന്നതിനെയും പരിഹസിച്ച് വീഡിയോകള്‍ പുറത്തിറങ്ങിയിരുന്നു. ഇതിന് മറുപടിയായും അദ്ദേഹത്തിന്റെ ഭാഗ്യ ഷീല മുന്നോട്ട് വന്നു. വൈദ്യുതിയില്ലാത്ത ഗ്രാമത്തില്‍ ചെറിയൊരു വീട്ടില്‍ ജനിച്ച്, മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ പഠിച്ച്, പത്താംക്ലാസില്‍ കഷ്ടിച്ചു ജയിച്ച് പിന്നെ കഠിനാധ്വാനം കൊണ്ട് ഐഎഎസ് പാസായ ആളാണ് കണ്ണന്താനം.

ആരുടെയും ശുപാര്‍ശയില്ലാതെ മികവ് മാത്രം പരിഗണിച്ച ലോകത്തില്‍ കേന്ദ്രമന്ത്രിപദം വരെയെത്തി. ഇക്കാര്യത്തെപ്പറ്റിയും കഠിനാധ്വാനത്തെപ്പറ്റിയും പറയുമ്പോള്‍ ഞാന്‍ എന്നു പറയാതെ പിന്നെ എന്താ വേണ്ടതെന്ന് അവര്‍ ചോദിച്ചു.