രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍ തകര്‍ക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്: ടോമിച്ചന്‍ മുളകുപാടം പരാതി നല്‍കി

single-img
17 September 2017

റിലീസ് ചെയ്യാനിരിക്കുന്ന ദിലീപ് ചിത്രം രാമലീലക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ജി പി രാമചന്ദ്രനെതിരെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ പരാതി. സിനിമ റിലീസ് ചെയ്യുന്ന തീയേറ്ററുകള്‍ തകര്‍ക്കണമെന്ന വിധത്തില്‍ ഫേസ് ബുക്കില്‍ പ്രതികരിച്ചു എന്നാണ് പരാതി.

ഐജി പി.വിജയനാണ് ടോമിച്ചന്‍ പരാതി നല്‍കിയത്. പൈറസി പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതായും പരാതിയില്‍ പറയുന്നു. രാംലീലയോ രാകഥയോ എന്താണെങ്കിലും വേണ്ടില്ല, അശ്ലീലമനസ്‌കന്റെ സിനിമയുമായി കേരളത്തിലെ തിയേറ്ററുകളിലേക്ക് വരാമെന്ന് വിചാരിക്കേണ്ട, വിവരമറിയും എന്നായിരുന്നു ഫേസ് ബുക്ക് പോസ്റ്റ്.

‘തമിഴ് റോക്കേഴ്‌സ് അഡ്മിന്റെ നമ്പര്‍ ആരുടെയെങ്കിലും കയ്യിലുണ്ടോ? ഏതായാലും ജയിലിലല്ലേ. 28ന് ഒരു പണിയുണ്ട്. സഹമുറിയന്റെ പള്ളക്ക് കുത്താനാണേ…’ എന്ന പോസ്റ്റ് ആണ് പൈറസിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സൂചിപ്പിക്കുന്നത്. സെപ്റ്റംബര്‍ 14നായിരുന്നു ഈ പോസ്റ്റ്.

ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് പലതവണ മാറ്റിയതിനു ശേഷമാണ് രാമലീല’യുടെ റിലീസ് 28ന് നിശ്ചയിച്ചത്. ചിത്രം തിയേറ്ററില്‍ പോയി കാണണം എന്നും കാണരുത് എന്നവിധത്തിലുമുള്ള ക്യാംപെയ്‌നുകളും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഒട്ടേറെ പ്രമുഖരും അനുകൂല പ്രതികൂല പോസ്റ്റുകളും അഭിപ്രായങ്ങളുമായി രംഗത്തു വന്നിരുന്നു.