വേങ്ങരയില്‍ പി.പി. ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

single-img
17 September 2017

തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായി പി.പി. ബഷീറിനെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷമാണ് പ്രഖ്യാപനം. തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമാണ് അഭിഭാഷകന്‍ കൂടിയായ പി.പി.ബഷീര്‍.

പിപി ബഷീറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റിന്റെ തീരുമാനം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിക്കുകയായിരുന്നു. വേങ്ങരയില്‍ എല്‍ഡിഎഫ് വന്‍വിജയം നേടുമെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പിപി ബഷീര്‍ പ്രതികരിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ഇന്നലെ കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥി ആയിരുന്ന പിപി ബഷീറിന്റെ പേരാണ് യോഗത്തില്‍ മുഖ്യമായും ഉയര്‍ന്നത്.

മണ്ഡലം കമ്മിറ്റിയും, ജില്ലാ കമ്മിറ്റിയും ബഷീറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ ബഷീര്‍ പരാജയപ്പെട്ടിരുന്നു. 2016ല്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ മത്സരിച്ചപ്പോള്‍ മണ്ഡലത്തിലെ ജനങ്ങളുമായി അടുത്തിടപഴകാന്‍ കഴിഞ്ഞതും പ്രാദേശികബന്ധങ്ങളും ബഷീറിന് ഇത്തവണ സഹായകമാകുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍.

തിരൂരങ്ങാടി എആര്‍ നഗര്‍ സ്വദേശിയായ ബഷീര്‍ സിപിഎമ്മിന്റെ അഭിഭാഷക സംഘടനയുടെ സംസ്ഥാന നേതാവാണ്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം പിന്നീട് സിപിഎം ജില്ലാ കമ്മിറ്റിയിലുമെത്തിയിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചിരിക്കുന്നത്. അതേസമയം, പ്രാദേശിക നേതാക്കളെ മത്സരിപ്പിക്കേണ്ടന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കുമെന്നും സൂചനകളുണ്ട്. സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ബിജെപി നേതൃത്വവും അറിയിച്ചിരുന്നു.

പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 11നാണ് വേങ്ങരയില്‍ വോട്ടെടുപ്പ്. 15ന് വോട്ടെണ്ണലും നടക്കും. നാമനിര്‍ദേശപത്രിക സ്വീകരിക്കുന്ന അവസാന ദിവസം ഈ മാസം 22. സൂക്ഷ്മപരിശോധന 25നും പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം 27നും ആയിരിക്കും.