മന്ത്രി തൊട്ടതെല്ലാം വിവാദം: കണ്ണന്താനത്തെ ‘തള്ളാനും കൊള്ളാനും ആകാതെ’ കേരളത്തിലെ ബിജെപി നേതാക്കള്‍: കുഴപ്പത്തിലായി സംഘികളും

single-img
17 September 2017

അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയതേ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്ക് ഇഷ്ടമായിട്ടില്ല. അത് പറയാതെ തന്നെ നേതാക്കള്‍ വ്യക്തമാക്കിയതാണ്. പിന്നീട് കേന്ദ്ര നേതൃത്വം കണ്ണുരുട്ടിയപ്പോഴാണ് മനസില്ലാ മനസ്സോടെ നിലപാട് മാറ്റിയത്.

ഇനി എല്ലാം സഹിച്ച്‌ അല്‍ഫോണ്‍സ് കണ്ണന്താനത്തില്‍ നിന്നും നേട്ടങ്ങള്‍കൊയ്യാം എന്നായിരുന്നു ബിജെപി നേതാക്കളുടെ പിന്നീടുള്ള കണക്കു കൂട്ടല്‍. പക്ഷേ എല്ലാം പാളിപ്പോയി. മന്ത്രി പദവിയിലേറി ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് തന്നെ കണ്ണന്താനം പറഞ്ഞ കാര്യങ്ങളെല്ലാം വിവാദമായി.

ഇതോടെ ബി.ജെ.പി നേതൃത്വം കൂടുതല്‍ കുഴപ്പത്തിലായി. മന്ത്രി പറുന്ന കാര്യങ്ങള്‍ക്കൊന്നും കേരളത്തിലെ നേതാക്കള്‍ക്ക് വ്യക്തമായ മറുപടിയില്ല. ബീഫ് വിഷയത്തിലും, ഇന്ധന വിലയിലും, മലയാളികള്‍ക്കെതിരെ നടത്തിയ പരാമര്‍ശവും കേരളത്തിലെ ബിജെപി നേതാക്കളെ കുഴപ്പത്തിലാക്കി.

ബീഫിനെ കുറിച്ച് കണ്ണന്താനം പറഞ്ഞ പ്രസ്താവനയാണ് ആദ്യം വിവാദം സൃഷ്ടിച്ചത്. ബീഫിന് ബിജെപി എതിരല്ലെന്നും അത് ഭക്ഷിക്കരുതെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ലെന്നുമായിരുന്നു മന്ത്രിപദവി ഏറ്റെടുത്ത ശേഷം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആദ്യം പറഞ്ഞത്.

എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം ഭൂവനേശ്വറില്‍ പത്രലേഖകരുമായി സംസാരിക്കവെ ഈ നയത്തില്‍ നിന്ന് മലക്കം മറിഞ്ഞാണ് അദ്ദേഹം പ്രതികരിച്ചത്. ഇന്ത്യയിലേക്ക് വിനോദ സഞ്ചാരത്തിന് എത്തുന്നവര്‍ സ്വന്തം രാജ്യത്തുനിന്ന് ബീഫ് കഴിച്ചിട്ട് വന്നാല്‍ മതിയെന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിച്ചിരിക്കുകയാണെന്നുമായിരുന്നു മന്ത്രിയുടെ നിര്‍ദേശം. ആദ്യ നിലപാട് മാധ്യമങ്ങള്‍ വളച്ചൊടിച്ചതായിരുന്നത്രെ.

കണ്ണന്താനം നടത്തിയ പ്രസ്താവന അനുചിതമായിപ്പോയെന്ന് ബിജെപി നേതൃത്വം തന്നെ വ്യക്തമാക്കിയതോടെ അദ്ദേഹം നയം പിന്നെയും തിരുത്തി. കേരളത്തില്‍ തമാശ ആസ്വദിക്കാന്‍ ആളില്ലാതാവുകയാണെന്നും ബീഫ് വിഷയത്തില്‍ ഒറീസയില്‍ പറഞ്ഞത് തമാശയായി എടുക്കാത്തതാണ് വിവാദത്തിന് കാരണമെന്നുമായിരുന്നു കണ്ണന്താനത്തിന്റെ പുതിയ ചുവടുമാറ്റം.

വിദേശത്തു നല്ല ബീഫ് കിട്ടും, അവിടെ നിന്ന് ഇവിടെ വന്ന് മെലിഞ്ഞ കാലികളുടെ മാംസം കഴിക്കേണ്ട കാര്യമുണ്ടോ എന്നാണു ചോദിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. സമൂഹ മാധ്യമങ്ങള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. ബീഫ് വിഷയത്തില്‍ സോഷ്യല്‍ മീഡിയ കണ്ണന്താനത്തെ ട്രോളിക്കൊല്ലുകയായിരുന്നു.

ഈ വിവാദം കത്തിനില്‍ക്കെയാണ് കണ്ണന്താനം ജന്മനാട്ടിലേക്ക് പോകുംവഴി കൂരാലിയില്‍ ബി. ജെ. പി പ്രവര്‍ത്തകരുടെ സ്വീകരണത്തിന് ഇറങ്ങിയപ്പോള്‍ പഴയ സി. പി. എം സഹപ്രവര്‍ത്തകനെ വഴിയില്‍ കണ്ട് ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് ഓടി കയറിയത്. കുമ്മനം രാജശേഖരനെയും മറ്റും ഞെട്ടിച്ചാണ് കണ്ണന്താനം അപ്രതീക്ഷിത സന്ദര്‍ശനം സിപിഎം ഓഫീസില്‍ നടത്തിയത്. ഇതും കേരളത്തിലെ നേതാക്കളുടെ മുറുമുറുപ്പിന് ഇടയാക്കി.

ഇതിനു പിന്നാലെയാണ് വിവാദമായ മലയാളികള്‍ക്കെതിരെയുള്ള കണ്ണന്താനത്തിന്റെ വിമര്‍ശനം വരുന്നത്. കേരളത്തിലെ ആളുകള്‍ക്ക് കാര്യമായിട്ട് പണിയൊന്നുമില്ലല്ലോ, രാവിലെ മുതല്‍ വൈകുന്നേരം വരെ മൊബൈലില്‍ കയറിയിരുന്ന് കുറേ കാര്‍ട്ടൂണുകളും ട്രോളുകളും ഉണ്ടാക്കുകയാണെന്നായിരുന്നു കണ്ണന്താനത്തിന്റെ പരാമര്‍ശം.

കണ്ണന്താനത്തിന്റെ പ്രസ്താവനയില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍വരെ മൂക്കത്തു വിരല്‍വച്ചുപോയി. സോഷ്യല്‍ മീഡിയ ഇതിനെതിരെ ആഞ്ഞടിച്ചു. ഈ വിവാദമൊക്കെ കത്തിനില്‍ക്കെയാണ് കഴിഞ്ഞ ദിവസം പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്രത്തെ ന്യായീകരിച്ച് കണ്ണന്താനം രംഗത്തെത്തിയത്.

വാഹനങ്ങള്‍ ഉള്ളവരൊന്നും പട്ടിണി കിടക്കുന്നവരല്ലെന്നും രാജ്യത്തെ 30 ശതമാനം ആളുകളും പട്ടിണി കിടക്കുന്നവരാണെന്നും അവരുടെ ഉന്നമനമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കണ്ണന്താനം പറയുന്നു. വിലവര്‍ധനവ് കേന്ദ്ര സര്‍ക്കാര്‍ മന:പൂര്‍വ്വം ചെയ്യുന്നതാണെന്നും വര്‍ധനവിനെതിരെ ഉയരുന്ന പ്രതിഷേധമെല്ലാം സര്‍ക്കാരിന് അറിയാമെന്നുമായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം.

എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ക്രൂരമായ പ്രസ്താവന നടത്തിയ മന്ത്രി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കണ്ണന്താനത്തിന്റെ പ്രസ്താവന വിഡ്ഢിത്തമെന്നായിരുന്നു സിപിഐയുടേയും ആംആദ്മിയുടെയും പ്രതികരണം.

കേന്ദ്ര മന്ത്രിസഭ പുനസംഘടനയില്‍ പ്രതീക്ഷിച്ച പേരുകള്‍ക്ക് പകരം അല്‍ഫോന്‍സ് കണ്ണന്താനം എന്ന കേന്ദ്ര നേതാക്കളുടെ ചോയിസ് ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് ഇരുട്ടടി കിട്ടിയത് പോലെയായിരുന്നു. ഇപ്പോള്‍ കണ്ണന്താനത്തിന്റെ പ്രസ്താവനകളും.