വേങ്ങര ഉപതെരഞ്ഞടുപ്പില്‍ ശോഭ സുരേന്ദ്രന്‍ മത്സരിച്ചേക്കും

single-img
16 September 2017

വിജയസാധ്യത തീരെയില്ലെങ്കിലും വേങ്ങരയിലെ ഉപതെരഞ്ഞടുപ്പില്‍ കനത്ത പോരാട്ടം നടത്താന്‍ ബിജെപി തയ്യാറെടുക്കുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് സാധ്യത.

വേങ്ങരയില്‍ എന്‍.ഡി.എയ്ക്ക് വലിയ സാധ്യതയൊന്നുമില്ലാത്തത് കൊണ്ടുതന്നെ ബി.ജെ.പിയുടെ ഏതെങ്കിലും ജില്ലാ നേതാവിനെ മത്സരിപ്പിക്കാനായിരുന്നു ധാരണ. എന്നാല്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന നേതാവിനെ തന്നെ മത്സരിപ്പിക്കാന്‍ ധാരണയായത്.

പ്രമുഖ നേതാവ് എ.എന്‍.രാധാകൃഷ്ണനെയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിനെയും മത്സര രംഗത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രാദേശിക നേതാക്കളെ സ്ഥാനാര്‍ഥിയാക്കണമെന്ന ജില്ലാ ഘടകത്തിന്റെ നിര്‍ദ്ദേശം കോര്‍ കമ്മിറ്റി പൂര്‍ണമായും തള്ളിക്കളഞ്ഞു.

കനത്ത രാഷ്ട്രീയ പോരാട്ടം കാഴ്ചവച്ച് ബിജെപി കരുത്ത് തെളിയിക്കണമെന്നാണ് യോഗത്തില്‍ പൊതുവായി അഭിപ്രായം ഉയര്‍ന്നത്. ശോഭ സുരേന്ദ്രനെ രംഗത്തിറക്കാന്‍ ഏകദേശ ധാരണയായെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. അടുത്ത ദിവസം തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമുണ്ടാകും.