സര്‍ക്കാര്‍ സ്‌കൂളില്‍ മന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം: കെമിസ്ട്രി ക്ലാസില്‍ കയറി ചെന്ന് ടീച്ചറോട് കണക്കിനെ കുറിച്ച് ചോദിച്ച മന്ത്രി ‘പണി ഇരന്നുവാങ്ങി’

single-img
16 September 2017

ഉത്തരാഖണ്ഡ് വിദ്യാഭ്യാസമന്ത്രി അരവിന്ദ് പാണ്ഡെ വിവിധ സ്‌കൂളുകളില്‍ നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ വീഡിയോ വൈറലാകുന്നു. സ്‌കൂളില്‍ മുന്നറിയിപ്പൊന്നും ഇല്ലാതെ എത്തിയ മന്ത്രി ഒരു ക്ലാസിലേക്ക് കയറിച്ചെല്ലുകയും ക്ലാസെടുക്കുകയായിരുന്ന അധ്യാപികയെ കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്യുന്നതാണ് വീഡിയോ.

സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ മന്ത്രിയുടെ സന്ദര്‍ശനം വിവാദമായിരിക്കുകയാണ്. ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപിക കെമിസ്ട്രി പഠിപ്പിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പെട്ടെന്നുള്ള സന്ദര്‍ശനം. ക്ലാസിലെത്തിയ അദ്ദേഹം താന്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയാണെന്നും കെമിസ്ട്രി അധ്യാപികയുടെ ഗണിതശാസ്ത്രത്തിലെ മിടുക്ക് കൂടി അറിയണമെന്നും പറഞ്ഞ് നെഗറ്റീവും നെഗറ്റീവും തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്ന ഉത്തരം എന്തായിരിക്കുമെന്ന് ടീച്ചറോട് ചോദിച്ചു.

നെഗറ്റീവ് ആയിരിക്കുമെന്നായിരുന്നു മറുപടി. എന്നാല്‍ നെഗറ്റീവും നെഗറ്റീവും കൂട്ടിയാല്‍ പോസിറ്റീവാണെന്നായിരുന്നു മന്ത്രിയുടെ വാദം. ഉദാഹരണമായി മൈനസ് ഒന്നും മൈനസ് ഒന്നും കൂട്ടിയാല്‍ എന്തായിരിക്കും ഉത്തരമെന്ന് അധ്യാപികയോട് ചോദിച്ചു.

മൈനസ് 2 എന്ന് അവര്‍ ഉത്തരം പറഞ്ഞെങ്കിലും പൂജ്യം ആണെന്നായിരുന്നു മന്ത്രിയുടെ വാദം. ഉത്തരം സമര്‍ത്ഥിക്കാന്‍ അധ്യാപിക ശ്രമിച്ചെങ്കിലും മന്ത്രി സ്വന്തം വാദത്തില്‍ ഉറച്ച് നില്‍ക്കുകയും പിന്നീട് അധ്യാപികയെ ശകാരിക്കുകയുമായിരുന്നു.
സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പുസ്തകങ്ങള്‍ ഉപയോഗിക്കാതെ ഗൈഡ് നോക്കി പഠിപ്പിക്കുന്നതിന്റെ പേരിലും അധ്യാപികയെ മന്ത്രി ശകാരിക്കുന്നത് വീഡിയോയില്‍ കാണാം.

അതേസമയം അധ്യാപികയെ അപമാനിച്ച മന്ത്രിയുടെ മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് വിവിധ അധ്യാപക സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. അരവിന്ദ് പാണ്ഡെ മാപ്പ് പറയണമെന്നാണ് അധ്യാപകര്‍ ഉള്‍പ്പെടുന്ന പ്രതിഷേധ സംഘത്തിന്റെ ആവശ്യം. എന്നാല്‍ തന്റെ സന്ദര്‍ശനത്തിന് നല്ല ഉദ്ദേശം മാത്രമേ ഉള്ളൂവെന്നും സ്‌കൂളുകളിലെ ഇപ്പോഴത്തെ പ്രവര്‍ത്തന ശൈലിയില്‍ തനിക്ക് അതൃപ്തി ഉണ്ടെന്നും വിവാദങ്ങള്‍ക്ക് മറുപടിയായി മന്ത്രി ഫേസ്ബുക്കില്‍ പറഞ്ഞു.