കൊച്ചിയിലെ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ നീങ്ങി: കടമുറികള്‍ ഒഴിയണമെന്ന് ഹൈക്കോടതി

single-img
16 September 2017

അണ്ടര്‍–17 ലോകകപ്പ് ഫുട്‌ബോളിന്റെ കൊച്ചിയിലെ മല്‍സരങ്ങള്‍ നടത്തുന്നതിനായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപത്തെ കടമുറികളും ഓഫീസുകളും സെപ്റ്റംബര്‍ 25നു മുന്‍പ് ഒഴിഞ്ഞുകൊടുക്കണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം സിവില്‍ കോടതി വഴി ആകാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു. ഇതോടെ കൊച്ചിയിലെ മത്സരങ്ങള്‍ സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി.

സ്റ്റേഡിയം ഉടമകളായ ജിസിഡിഎ 25 ലക്ഷം രൂപ കെട്ടിവയ്ക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം കടയുടമകളുടെ ഹര്‍ജി പരിഗണിച്ചപ്പോള്‍ സ്‌പോര്‍ട്‌സിനേക്കാള്‍ പ്രധാന്യം ജനങ്ങളുടെ ജീവിതമാര്‍ഗത്തിനല്ലേയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.

ലോകകപ്പ് വേദിക്കായി കൊച്ചി സ്റ്റേഡിയം വിട്ടുകൊടുക്കാന്‍ രണ്ടരവര്‍ഷം മുന്‍പ് കേരള സര്‍ക്കാരും ഫിഫയും കരാര്‍ ഒപ്പുവച്ചിരുന്നു. ഫിഫയുടെ മാനദണ്ഡപ്രകാരം സ്‌റ്റേഡിയത്തില്‍ വാണിജ്യസ്ഥാപനങ്ങള്‍ അനുവദിക്കില്ല. ഫിഫയുടെ സാങ്കേതിക സമിതി പരിശോധനയ്ക്കായി എത്തിയപ്പോഴും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് കടയുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.