സോളാര്‍ നായിക ‘കോടികള്‍ കൊണ്ട് അമ്മാനമാടുന്നു’: പണമെറിഞ്ഞ് 14 കേസുകള്‍ തീര്‍പ്പാക്കി; എല്ലാം രഹസ്യമായ നീക്കങ്ങള്‍

single-img
15 September 2017

ചാനലില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന വിവാദ താരം ഇപ്പോള്‍ സുഖ ജീവിതം നയിക്കുന്നു. ചലചിത്രതാരം, ചാനല്‍ അവതാരക, എഴുത്തുകാരി, റിയല്‍ എസ്റ്റേറ്റ് എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങുകയാണ് സോളാര്‍ വിവാദ നായിക സരിതാ എസ്. നായര്‍.

സോളാര്‍ തട്ടിപ്പില്‍ 39 കേസുകളാണു സരിത ഒറ്റയ്ക്കു നേരിട്ടത്. ഇവര്‍ അഞ്ചരക്കോടിയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്നാണു കേസ്. എന്നാല്‍, കോടികളുടെ കടം സരിത ഇപ്പോള്‍ തീര്‍ത്തുകഴിഞ്ഞു. കേസുകള്‍ പലതും ഒത്തുതീര്‍പ്പാക്കി.

ഒന്നേകാല്‍ കോടി രൂപ നല്‍കി 14 കേസുകള്‍ ഇതിനകം തീര്‍പ്പാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാനത്തു കണ്ണായസ്ഥലത്തെ വീട്ടിലാണു താമസം. തിരുവനന്തപുരം വിളവൂര്‍ക്കല്‍ നാലാംകല്ലിനു സമീപമാണ് ഈ മാളിക. സഞ്ചരിക്കാന്‍ ആഢംബരവാഹനം, പരിചാരകരും വീട്ടു ജോലിക്കാരും.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടാന്‍ കാരണക്കാരിയായ പഴയ സോളാര്‍ നായികയ്ക്ക് ഇപ്പോള്‍ രാഷ്ട്രീയതാല്‍പര്യങ്ങളില്ല. സോളാര്‍ വ്യവസായവുമായും ബന്ധമില്ല. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ സരിതയുടെ രാഷ്ട്രീയ ഉദ്യോഗസ്ഥപ്രമുഖരുമായുള്ള ബന്ധം ഏവരെയും ഞെട്ടിച്ചിരുന്നു.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം തന്നെ പീഡിപ്പിച്ചവര്‍ക്കെതിരേ നിരവധി പരാതികള്‍ സരിത നല്‍കി. അവയിപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്. സോളാര്‍ കേസ് അന്വേഷണത്തിനായി 10 കോടിയിലധികം രൂപയാണു പൊതുഖജനാവില്‍നിന്നു സര്‍ക്കാര്‍ ഇതിനകം ചെലവഴിച്ചത്.

എന്നാല്‍ ഈ കേസിലൊന്നും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സോളാറിലെ ജ്യൂഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തെ കുറിച്ചും ആര്‍ക്കും ഒന്നും അറിയില്ല. ഇതിനിടെയാണ് കേസുകള്‍ സരിത ഒത്തുതീര്‍പ്പാക്കിയെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇടവേളയ്ക്ക് ശേഷം പള്‍സര്‍ സുനിയുടെ മാഡം വെളിപ്പെടുത്തലാണ് സരിതയെ വീണ്ടും ചര്‍ച്ചാ വിഷയമാക്കിയത്. ഇത് സമര്‍ത്ഥമായി പ്രതിരോധിച്ച് സരിത രംഗത്ത് വന്നിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫെനിബാലകൃഷ്ണന്‍ രംഗത്തെത്തിയതോടെയാണ് ഏവരുടെയും ശ്രദ്ധ സരിതാ എസ് നായരിലേക്ക് തിരിയുകയായിരുന്നു.