ലണ്ടനില്‍ മെട്രോ സ്റ്റേഷനില്‍ സ്‌ഫോടനം; നിരവധിപേര്‍ക്ക് പരിക്ക്

single-img
15 September 2017

ലണ്ടന്‍: പ്രസിദ്ധമായ ലണ്ടന്‍ മെട്രോയിലെ തുരങ്കപാതയിലെ സ്റ്റേഷനില്‍ സ്‌ഫോടനം. നിരവധി പേര്‍ക്ക് പരുക്കേറ്റു. തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ സബ്‌വേ സ്റ്റേഷനിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്റ്റേഷനിലുണ്ടായിരുന്ന മെട്രോ ട്രെയിനിന്റെ പിന്‍വശത്തെ കംപാര്‍ട്ട്‌മെന്റിലാണ് സ്‌ഫോടനമുണ്ടായത്.

ഇതേത്തുടര്‍ന്ന് സര്‍വീസുകള്‍ തല്‍ക്കാലത്തേയ്ക്കു നിര്‍ത്തിവച്ചു. പ്രാദേശിക സമയം രാവിലെ എട്ടിനു ശേഷമായിരുന്നു സ്‌ഫോടനം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും മുഖത്താണ് പൊള്ളലേറ്റിരിക്കുന്നത്. ബ്രിട്ടിഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസും മെട്രോപൊലീറ്റന്‍ പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

സ്‌ഫോടനസ്ഥലത്തേക്ക് ആറ് ഫയര്‍ എന്‍ജിനുകളും അഗ്‌നിശമനസേനാംഗങ്ങളും എത്തിയതായി ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. ഫുല്‍ഹാം, വാന്‍ഡ്‌സ്‌വര്‍ത്ത്, ചെല്‍സി, ഹാമര്‍സ്മിത്ത് എന്നിവിടങ്ങളില്‍നിന്നുള്ള അഗ്‌നിശമനസേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

തീവ്രവാദി ആക്രമണ സാധ്യത പൊലീസ് സംശയിക്കുന്നുണ്ട്. ലണ്ടന്‍ നഗരത്തില്‍ സ്‌ഫോടനമുണ്ടായേക്കുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

.