മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്രദര്‍ശനം വിവാദമാക്കേണ്ടെന്ന് സിപിഎം

single-img
15 September 2017

ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം വിവാദമാക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സംഭവത്തില്‍ മന്ത്രിയുടെ വിശദീകരണം തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി. ക്ഷേത്രാചാരങ്ങള്‍ പാലിച്ചത് ചിലര്‍ വിവാദമാക്കുകയായിരുന്നുവെന്നാണ് മന്ത്രി പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം. തുടര്‍ന്ന് മന്ത്രിക്കെതിരെ നടപടിയെടുക്കേണ്ടെന്ന് യോഗം തീരുമാനിക്കുകയായിരുന്നു.

ക്ഷേത്രദര്‍ശനം സംബന്ധിച്ച വിവാദങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് യോഗം വിലയിരുത്തി. സംഭവത്തില്‍ ബിജെപി ഇതിനോടകം മുതലെടുപ്പ് ആരംഭിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് തുടര്‍നടപടികളിലേക്ക് കടക്കാതെ വിവാദം അവസാനിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

ദേവസ്വം മന്ത്രിയോട് വിശദീകരണം തേടിയ സംഭവം സിപിഎം നേരിടുന്ന ആശയപാപ്പരത്തതിന്റെ സൂചനയാണെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

സിപിഎം നടപടി അവരുടെ ഹിന്ദു വിരുദ്ധ മനോഭാവത്തിനുള്ള ഏറ്റവും നല്ല ഉദാഹരണമാണെന്നും സിപിഎമ്മില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഭൂരിപക്ഷ സമുദായാംഗങ്ങള്‍ ആത്മാഭിമാനം പണയം വെക്കണമെന്ന അവസ്ഥ പരിതാപകരമാണെന്നും കുമ്മനം കുറ്റപ്പെടുത്തിയിരുന്നു.