‘രാമലീല’യ്ക്ക് പോലീസ് സംരക്ഷണമില്ല: ടോമിച്ചന്‍ മുളകുപാടത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

single-img
14 September 2017

കൊച്ചി: വിവാദങ്ങളെ തുടര്‍ന്ന് റിലീസ് നീട്ടിവച്ച ദിലീപിന്റെ പുതിയ ചിത്രം രാമലീല പ്രദര്‍ശിപ്പിക്കുന്നതിന് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് തീയേറ്ററുകളില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

സിനിമാ റിലീസിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിരീക്ഷണത്തോടെയാണ് ഹര്‍ജി തള്ളിയത്. സിനിമ റിലീസായതിന് ശേഷം സംരക്ഷണം ആവശ്യമെങ്കില്‍ വീണ്ടും ഹരജി സമര്‍പ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഷൂട്ടിങ് പൂര്‍ത്തിയാക്കി ജൂലൈ 21ന് ചിത്രം റിലീസ് ചെയ്യാനിരുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ജൂലൈ10ന് ദിലീപ് അറസ്റ്റിലായതോടെ റിലീസിങ് മുടങ്ങി. 15 കോടി രൂപ ചെലവില്‍ നിര്‍മിച്ച സിനിമയുടെ പ്രചാരണത്തിന് ഒരു കോടിയോളം മുടക്കി.

ദിലീപ് അറസ്റ്റിലായി രണ്ടുമാസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. കേസ് അവസാനിക്കുന്നതുവരെ സിനിമ റിലീസ് ചെയ്യാതിരിക്കുന്നത് വന്‍ നഷ്ടമുണ്ടാക്കുമെന്ന് ഹര്‍ജിയില്‍ ടോമിച്ചന്‍ മുളകുപാടം പറഞ്ഞിരുന്നു.