നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പി.ടി തോമസ് എം.എല്‍.എ

single-img
14 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പി.ടി തോമസ് എം.എല്‍.എ. പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണ്. ചില കേന്ദ്രങ്ങളില്‍ നിന്ന് അതിന് ശ്രമം തുടങ്ങി. ഭീതികരമായ അവസ്ഥയാണ്.

ഇതിന്റെ ഭാഗമായാണു കെ.ബി.ഗണേഷ്‌കുമാര്‍ രംഗത്തുവന്നത്. ദിലീപിന് വേണ്ടിയുള്ള സെബാസ്റ്റ്യന്‍ പോളിന്റെ നിലപാട് ഞെട്ടിച്ചു. സി.പി.എം ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണം. കേസിന്റെ നടത്തിപ്പില്‍ പ്രോസിക്യുഷന് വീഴ്ചപറ്റിയോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

പോലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പി.ടി തോമസ് പറഞ്ഞു. പിആര്‍ഒ വര്‍ക്കിന്റെ ഭാഗമായാണ് പിന്‍ വാങ്ങിയവര്‍ പോലും തിരിച്ച് വന്ന് ദിലീപിന് പിന്തുണ നല്‍കുന്നത്. അത് പാവപ്പെട്ട പെണ്‍കുട്ടിയെ ഒറ്റപെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.

നടിയുടെ കേസ് ബലാത്സംഗ ശ്രമം മാത്രമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. നടി ആക്രമിക്കപ്പെട്ട സംഭവം പുറത്തുവന്നതു മുതല്‍ കേസില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന നേതാവാണ് പി.ടി തോമസ്.