നടിയെ ആക്രമിച്ച കേസ് നടത്തിപ്പില്‍ അന്വേഷണ സംഘത്തിന് അതൃപ്തി: ‘പ്രോസിക്യൂഷന് വീഴ്ച പറ്റി’

single-img
14 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് അന്വേഷണ സംഘത്തിന് അതൃപ്തി. കേസിന്റെ നടത്തിപ്പില്‍ പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്നും വസ്തുതകള്‍ കൃത്യമായി അറിയിക്കാത്തതിനാലാണ് ഹൈക്കോടതി വിമര്‍ശിച്ചതെന്നുമാണ് സംഘത്തിന്റെ വിലയിരുത്തല്‍. ഡിജിപി വിവരങ്ങള്‍ അറിയിച്ചത് അന്വേഷണ സംഘത്തോട് ആലോചിക്കാതെയെന്നാണ് ആക്ഷേപം.

രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ഡിജിപി ഇന്നലെ കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. അന്വേഷണം വൈകുന്നതില്‍ കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഡിജിപി ഇക്കാര്യം കോടതിയില്‍ പറഞ്ഞത്.

എന്നാല്‍ അന്വേഷണ സംഘവുമായി ആലോചിക്കാതെയാണ് സമയപരിധി അറിയിച്ചതെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തീകരിക്കേണ്ടിവരുന്നത് കുറ്റപത്രത്തെ ബാധിക്കുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ദിലീപിനെതിരായ കേസില്‍ കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിച്ചാല്‍ മതിയാകും.

അതുപ്രകാരം അടുത്ത മാസം 10വരെ സമയമുണ്ടായിരിക്കേയാണ് പ്രോസിക്യൂഷന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഇതാണ് അന്വേഷണ സംഘത്തിന്റ അതൃപ്തിക്കിടയാക്കിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോടതിയില്‍ നിന്ന് വന്‍ തിരിച്ചടിയായിരിക്കും ഇതിന്റെ പേരില്‍ ഉണ്ടാവുക.

എന്നാല്‍ രണ്ടാഴ്ചയെന്ന് കോടതിയില്‍ പ്രോസിക്യുഷന്‍ വാക്കാല്‍ പറഞ്ഞതായതിനാലും പ്രോസിക്യൂഷന്‍ രേഖാമൂലം സമര്‍പ്പിക്കുന്ന അപേക്ഷയായിരിക്കും ഇക്കാര്യത്തില്‍ കോടതി പരിഗണിക്കുക എന്നതുമാണ് അന്വേഷണ സംഘത്തിനാശ്വാസം നല്‍കുന്നത്.

കേസില്‍ നാദിര്‍ഷായുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെയാണ് പ്രോസിക്യൂഷന് കോടതിയില്‍ നിന്ന് വാക്കാലുള്ള വിമര്‍ശനം നേരിടേണ്ടി വന്നത്. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോയെന്ന് ഇന്നലെ ഹൈക്കോടതി ചോദിച്ചിരുന്നു.

അന്വേഷണം സിനിമാക്കഥ പോലെയാണോയെന്നും ഇത് ആരെയെങ്കിലും തൃപ്തിപെടുത്തുന്നതിന് വേണ്ടിയാണോയെന്നും കോടതി ചോദിച്ചു. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ അന്വേഷണം വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കേസിലെ ചര്‍ച്ചകള്‍ പരിധി വിട്ടാല്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

അതേസമയം, കുറ്റപത്രം എപ്പോള്‍ സമര്‍പ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനാണ് തീരുമാനിക്കുന്നതെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ് പറഞ്ഞു. പോലീസിനെതിരെ കോടതിയില്‍ നിന്ന് ഇന്നലെ വിമര്‍ശനം ഏറ്റുവെന്ന് മാധ്യമങ്ങളിലൂടെയുള്ള അറിവേയുള്ളൂവെന്നും എസ്.പി വ്യക്തമാക്കി.