പൊലീസിന്റെ കരുനീക്കങ്ങളില്‍ ചുവടുപിഴക്കാതിരിക്കാന്‍ ദിലീപ് വീണ്ടും അടവു മാറ്റി

single-img
14 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കില്ല. ജാമ്യഹര്‍ജി തയ്യാറാക്കുന്നത് വൈകിയതിനാലാണ് അപേക്ഷ സമര്‍പ്പിക്കുന്നത് നീട്ടിവെച്ചതെന്നും അടുത്ത ദിവസം ഹര്‍ജി നല്‍കുമെന്നുമാണ് വിശദീകരണം.

എന്നാല്‍ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ നാളെ അന്വേഷണസംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ പൊലീസിന്റെ അടുത്ത നീക്കങ്ങള്‍ കൂടി മനസിലാക്കിയ ശേഷം മാത്രം മതി മൂന്നാമതും ഹൈക്കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കുന്നത് എന്നതാണ് നിലവില്‍ പ്രതിഭാഗത്തിന്റെ നിലപാട്. തിങ്കളാഴ്ചയാണ് നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയും പരിഗണിക്കുന്നത്.

പോലീസ് എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാന്‍ ശ്രമം നടത്തുന്ന സാഹചര്യത്തില്‍ ജാമ്യഹര്‍ജി നല്‍കാനുള്ള ദിലീപിന്റെ അവസാന അവസരമാണ് ഇത്. ഈ ഹര്‍ജി കൂടി കോടതി തള്ളിയാല്‍ പിന്നെ വിചാരണ തടവുകാരനായി ജയിലില്‍ തുടരാന്‍ മാത്രമേ ദിലീപിന് സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ എല്ലാ സാഹചര്യങ്ങളും പരിഗണിച്ചതിനു ശേഷം മാത്രം ജാമ്യാപേക്ഷ നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധവയ്ക്കുന്നതെന്നാണ് സൂചന.

ദിലീപ് അറസ്റ്റിലായത് ജൂലായ് പത്തിനാണ്. 90 ദിവസം തികയുന്ന ഒക്ടോബര്‍ പത്തിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാവുന്ന രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ട്.

അതേസമയം നാളെ രാവിലെ 10 ന് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബിജു പൗലോസിന് മുന്‍പാകെ ഹാജരാകാനാണ് കോടതി നാദിര്‍ഷയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നത് വരെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ നാദിര്‍ഷാ നടിയെ ആക്രമിച്ച കേസിലെ പ്രതിയല്ലെന്നും ചില വസ്തുതകളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് അന്വേഷണസംഘം മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തില്‍ അറസ്റ്റ് ഉദ്ദേശിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസിന്റെ തുടരന്വേഷമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രണ്ടാഴ്ചയ്ക്കകം കേസിലെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. നാദിര്‍ഷായെ ചോദ്യം ചെയ്യുന്നതാണ് കേസില്‍ ശേഷിക്കുന്ന പ്രധാനഘട്ടം. നേരത്തേ ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷ പറഞ്ഞ ചില കാര്യങ്ങളില്‍ പിന്നീട് തെളിവുകള്‍ ശേഖരിച്ചിരുന്നു. ചിലത് പൊരുത്തപ്പെടാത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

മറ്റ് ഏതാനും കണ്ണികളെ കൂടി കൂട്ടിയിണക്കാനുണ്ട്. കേസില്‍ നിര്‍ണ്ണായകമായേക്കാവുന്ന നിരവധി തെളിവുകള്‍ മുദ്രവെച്ച കവറില്‍ പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിട്ടുണ്ട്. ഇതുവരെ സമാഹരിച്ച തെളിവുകള്‍ ശക്തമാണെന്ന നിലപാടിലാണ് അന്വേഷണസംഘം. ഇതുവരെ പുറത്ത് വരാത്ത ശക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ കൈയിലുണ്ടെന്നാണ് സൂചന.