പാര്‍ട്ടിവിരുദ്ധ പരാമര്‍ശം നടത്തിയതിന് ഋതബ്രത ബാനര്‍ജിയെ സിപിഎം പുറത്താക്കി

single-img
13 September 2017

പാര്‍ട്ടിവിരുദ്ധ പരാമര്‍ശം നടത്തിയതിന് രാജ്യസഭാ എംപിയും എസ്എഫ്‌ഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഋതബ്രത ബാനര്‍ജിയെ സിപിഎം പുറത്താക്കി. ബംഗാള്‍ സിപിഎം നേതൃത്വത്തിന്റേതാണ് തീരുമാനം. ആഡംബര ജീവിതത്തിനും മോശം പെരുമാറ്റത്തിനും സസ്‌പെന്‍ഷനിലായിരുന്നു ഇദ്ദേഹം.

ഋതബ്രതയുടെ ജീവിത ശൈലി കമ്യൂണിസ്റ്റിനു നിരക്കാത്തതാണെന്ന മുന്‍ ഭാര്യ ഉര്‍ബയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ കഴിഞ്ഞ ജൂണില്‍ മൂന്നു മാസത്തേക്കു സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ വിമര്‍ശിച്ചയാള്‍ക്കെതിരെ തൊഴിലുടമയോടു നടപടിയാവശ്യപ്പെട്ടതിനും ഋതബ്രതയെ കഴിഞ്ഞ ഫെബ്രുവരിയില്‍ പാര്‍ട്ടി സംസ്ഥാന സമിതി പരസ്യമായി താക്കീത് ചെയ്തിരുന്നു. തുടര്‍ച്ചയായി പാര്‍ട്ടിവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പുറത്താക്കിയത്.

‘പ്രകാശ് കരാട്ടും ബൃന്ദ കരാട്ടും ഇടപെട്ടാണ് സീതാറാം യെച്ചൂരിയുടെ രാജ്യസഭ പ്രവേശനം തടഞ്ഞത് എന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം ഋതബ്രത പറഞ്ഞു. സിപിഎം അംഗങ്ങള്‍ തന്നെയായ എംഡി സലീമും മകനും തനിക്ക് നേരെ ആരോപണങ്ങള്‍ തൊടുത്തു വിടുകയാണെന്നും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതാണ് വിദ്വേഷത്തിന് കാരണമെന്നും റിതബ്രത പറഞ്ഞു. പാര്‍ട്ടിയ്ക്ക് മുസ്ലിം കോട്ടയുള്ളത് കൊണ്ട് മാത്രമാണ് സലിം പോളിറ്റ് ബ്യൂറോയിലെത്തിയതെന്നും ഋതബ്രത കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ എനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച സലീം കമ്മീഷന്‍ അനധികൃതമായി എന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്ങിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഋതബ്രത പറഞ്ഞു. സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസിന്റെ സൈബര്‍ വിഭാഗത്തിലും പരാതി നല്‍കനാണ് ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.