ശരദ് യാദവിന് തിരിച്ചടി: ജെഡിയുവിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം നല്‍കാനാവില്ലെന്ന് കമ്മീഷന്‍

single-img
13 September 2017


ന്യൂഡല്‍ഹി: ജെ.ഡി.യുവിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശരദ് യാദവിന്റെ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും തങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

തെരഞ്ഞെടുപ്പ് ചിഹ്നത്തിനായി അപേക്ഷ നല്‍കിയ ശരദ് പക്ഷത്തിലെ ജാവേദ് റാസ അപേക്ഷയില്‍ സ്വന്തം ഒപ്പുപോലും വെച്ചില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെ.ഡി.യു പക്ഷത്തെ അംഗീകരിക്കുന്നത് കൂടിയാണെന്നാണ് വിലയിരുത്തല്‍. യാദവ് വിഭാഗത്തിനു പുതിയ ചിഹ്നത്തിനായി അപേക്ഷ നല്‍കാമെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. പാര്‍ട്ടി ചിഹ്നം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 25 നാണു യാദവ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.

കോണ്‍ഗ്രസ്-ആര്‍ജെഡി ബന്ധം ഉപേക്ഷിച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി സ്ഥാപക നേതാവും രാജ്യസഭാ കക്ഷി നേതാവുമായിരുന്ന ശരത് യാദവ് വിമത ശബ്ദം ഉയര്‍ത്തിയത്. തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ശരത് യാദവിന്റെയും അദ്ദേഹത്തെ പിന്തുണക്കുന്ന മറ്റൊരു എംപി അലി അന്‍വറിന്റെയും രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് നിതീഷ് വിഭാഗം ആവശ്യപ്പെട്ടു. നിതീഷിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം രാജ്യസഭാ സെക്രട്ടറിയേറ്റ് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ ശരത് യാദവിനെ രാജ്യസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.