Featured

രാത്രിയിലും ഉപയോക്താവിന്റെ മുഖം തിരിച്ചറിഞ്ഞ് തനിയെ ലോക്ക് തുറക്കും: വിപ്ലവകരമായ മാറ്റങ്ങളുമായി എത്തിയ ഐഫോണിന് നിരവധി സവിശേഷതകള്‍

കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള ആപ്പിള്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിള്‍ ഐ ഫോണിന്റെ മൂന്ന് പുതിയ പതിപ്പുകള്‍ പുറത്തിറങ്ങി. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് സ്റ്റീവ് ജോബ്‌സ് തീയറ്ററില്‍ നടന്ന ആപ്പിള്‍ മെഗാ ഇവന്റില്‍ വെച്ചാണ് ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ് എന്നിവയും ഐ ഫോണ്‍ എക്‌സും പുറത്തിറക്കിയത്. ഇവയ്ക്കു പുറമെ ആപ്പിള്‍ വാച്ച് 3, ആപ്പിള്‍ ടി.വി. 4 കെ എന്നീ പുതിയ പതിപ്പുകളും അവതരിപ്പിച്ചു.

ആദ്യ ഐഫോണ്‍ അവതരിച്ചതിന്റെ പത്താം വാര്‍ഷികത്തിലാണ് വിപ്ലവകരമായ മാറ്റങ്ങളുമായി ഐഫോണ്‍ പത്ത് പുറത്തിറങ്ങുന്നത്. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്തെ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സി.ഇ.ഒ. ടിം കുക്കിന്റെ നേതൃത്വത്തിലായിരുന്നു പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചത്.

ഐഫോണ്‍ എക്‌സ്

നിരവധി പുതുമയോടെയാണ് ഐഫോണ്‍ എക്‌സ് പുറത്തിറക്കിയിരിക്കുന്നത്. ഹോം ബട്ടണില്ലാത്ത പതിപ്പെന്ന് ഒറ്റവാക്കില്‍ ഐഫോണ്‍ എക്‌സിനെ വിശേഷിപ്പിക്കാം. പകരം മുന്‍ഭാഗത്ത് നിറഞ്ഞിരിക്കുന്ന സ്‌ക്രീനില്‍ സൈ്വപ്പ് ചെയ്ത് ഹോം സ്‌ക്രീനിലെത്താം.

ബയോമെട്രിക് സുരക്ഷാ സംവിധാനമായ ഫെയ്‌സ് ഐഡിയാണ് മറ്റൊരു പ്രത്യേകത. രാത്രിയില്‍ പോലും ഉപയോക്താവിന്റെ മുഖം തിരിച്ചറിഞ്ഞ് തനിയെ ലോക്ക് തുറക്കുന്ന സംവിധാനമാണ് ഇത്. ഇരുട്ടത്ത് പോലും മുഖം തിരിച്ചറിയുന്ന ട്രൂ ഡെപ്ത്ത് ക്യാമറ സെന്‍സറാണ് ഇതിനായി ഫോണില്‍ ഒരുക്കിയിരിക്കുന്നത്. ഇരട്ടകളാണെങ്കില്‍ പോലും ഈ ഫോണിന് അവരെ തിരിച്ചറിയാന്‍ കഴിയുമെന്നും നിങ്ങളുടെ അനുവാദമില്ലാതെ ഫോണ്‍ മറ്റൊരാള്‍ തുറക്കാന്‍ ഒരു മില്യനില്‍ ഒരു സാധ്യത മാത്രമേ ഉള്ളൂവെന്നും ആപ്പിള്‍ അവകാശപ്പെടുന്നു.

ഏറ്റവും നൂതന മെസേജിങ് സംവിധാനമായ അനിമോജിയും തരംഗമാകും. ത്രീഡി സാങ്കേതിക വിദ്യ പ്രകാരം പ്രവര്‍ത്തിക്കുന്ന ഇതു ഉപയോക്താവിന്റെ മുഖഭാവം വിലയിരുത്തി പ്രത്യേക ഇമോജികള്‍ തയാറാക്കും. പൊടിയും വെള്ളവും തട്ടിയാലും കേടാവില്ല എന്നതും മറ്റൊരു സവിശേഷതയാണ്.

സ്‌പെയ്‌സ് ഗ്രേ, സില്‍വര്‍ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. മുമ്പിലും പിന്നിലും 12 എംപി ക്യാമറ. ഡ്യുവല്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ക്വാഡ് എല്‍ഇഡി ടു ടണ്‍ ഫ്‌ലാഷ്, എയര്‍പവര്‍, വയര്‍ലസ് ചാര്‍ജിങ് തുടങ്ങി നിരവധി പുതുമകളാണ് ആപ്പിള്‍ അവതരിപ്പിക്കുന്നത്.

ഐഫോണ്‍ ഏഴിനേക്കാള്‍ രണ്ട് മണിക്കൂര്‍ അധികം ബാറ്ററി ചാര്‍ജ്, സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ, ത്രിഡി ടച്ച്, സിരി സംവിധാനം എന്നിവയുമുണ്ട്. നവംബര്‍ മൂന്നിനായിരിക്കും ഐ ഫോണ്‍ എക്‌സ് ഇന്ത്യയില്‍ എത്തുന്നത്. 64 ജി.ബി സംഭരണ ശേഷിയുള്ള മോഡലിന് 89,000 രൂപയും 256 ജി.ബി മോഡലിന് 102,000 രൂപയുമാണ് ഇന്ത്യയിലെ വില.

ഐ. ഫോണ്‍ 8. 8 പ്ലസ്

ആറ് കോറുകളുള്ള A11 ബയോണിക് ചിപ്പുകളും 64 ബിറ്റ് ഡിസൈനുമായിരിക്കും ഐഫോണ്‍ 8ലും 8 പ്ലസിലും ഉണ്ടാവുക. പുതിയ ഗോള്‍ഡന്‍ പതിപ്പ് അടക്കം മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാവും. സില്‍വര്‍, സ്‌പേസ് ഗ്രേ എന്നിവയാണ് മറ്റ് നിറങ്ങള്‍. 4.7 ഇഞ്ച് ഡിസ്‌പ്ലേയാണ് 8ല്‍.

എന്നാല്‍ 8 പ്ലസിലെ ഡിസ്‌പ്ലേ 5.5 ഇഞ്ചും. ഐ ഫോണ്‍ 8 പ്ലസില്‍ ഡ്യുവല്‍ ക്യാമറയും ഐഫോണ്‍ 8ല്‍ 12 മെഗാ പിക്‌സലുള്ള ഒറ്റ ക്യാമറയും ആയിരിക്കും പിന്നില്‍ ഉണ്ടാവുക. ഡ്യുവല്‍ ക്യാമറയില്‍ പോര്‍ട്രൈറ്റ് ലൈറ്റിങ് മോഡിന്റെ ബീറ്റാ വെര്‍ഷനും സജ്ജീകരിക്കുമെന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത്. പ്രകാശം അനുസരിച്ച് ക്രമീകരിക്കപ്പെടുന്ന ഈ സംവിധാനം പ്രത്യേക മെനുവിലൂടെയാവും ലഭ്യമാവുക.

7 മെഗാപിക്‌സലാണ് രണ്ട് മോഡലുകളിലെയും മുന്‍ ക്യാമറ. മിഴിവാര്‍ന്ന സെല്‍ഫികള്‍ക്കായി റെറ്റിന ഫ്‌ലാഷുമുണ്ട്. ഗെയിമുകള്‍ക്കായി ഓഗ്മെന്റഡ് റിയാലിറ്റിയും പുതിയ മോഡലുകളിലുണ്ടാവും. ഏവരും പ്രതീക്ഷിച്ചിരുന്ന വയര്‍ലെസ് ചാര്‍ജ്ജിങ്ങ് സംവിധാനവും രണ്ട് മോഡലുകളിലുമുണ്ട്. 64ജി.ബി, 256 ജി.ബി സംഭരണ ശേഷികളിലാണ് ഇവ പുറത്തിറങ്ങുന്നത്.

സെപ്തംബര്‍ 29ന് രണ്ട് മോഡലുകളും ഇന്ത്യയില്‍ ലഭ്യമാവും. ഐ ഫോണ്‍ 8ന്റെ 64 ജി.ബി പതിപ്പിന് 64,000 രൂപയും 256 ജി.ബി പതിപ്പിന് 77,000 രൂപയുമായിരിക്കും ഇന്ത്യയിലെ വില. 8 പ്ലസിന്റെ 64 ജി.ബി മോഡലിന് 73,000 രൂപയും 256 ജി.ബി മോഡലിന് 86,000 രൂപയുമാണ് ഇന്ത്യയില്‍. 32 ജി.ബി സ്റ്റോറേജോട് കൂടിയ മോഡലുകള്‍ ഇത്തവണ ലഭ്യമാവില്ല.

ആപ്പിള്‍ വാച്ച്

പുതുപുത്തന്‍ ആപ്പിള്‍ വാച്ചുകളുടെ ഏറ്റവും വലിയ പ്രത്യേകത സിം ഉപയോഗിക്കാം എന്നതാണ്. അതായത് ആപ്പിള്‍ ഫോണുമായി ബന്ധിപ്പിക്കാതെ സ്വതന്ത്രമായി വാച്ച് ഉപയോഗിക്കാം. 4ജി വോയ്‌സ് ഓവര്‍ എല്‍ടിഇ സംവിധാനം വാച്ചിനുണ്ട്. ഫോണ്‍ ഇല്ലാതെതന്നെ, ഫോണിന്റേതായ സൗകര്യങ്ങള്‍ ലഭ്യമാകും.

പതിനായിരക്കണക്കിന് പാട്ടുകള്‍ ആസ്വദിക്കാം. സിരീസ് 2ന്റെ അതേ വലുപ്പമായിരിക്കും ഇതിനും. ശബ്ദനിയന്ത്രണ സംവിധാനം ‘സിരി’, ബില്‍റ്റ് ഇന്‍ സെല്ലുലാര്‍ സൗകര്യം എന്നിവ യോജിപ്പിച്ചിരിക്കുന്നു. 70 ശതമാനം അധികവേഗമുള്ള പ്രൊസസറാണ് വാച്ചിന് കരുത്തേകുക. ഡിസ്‌പ്ലേ ഭാഗംതന്നെ ആന്റിനയായി പ്രവര്‍ത്തിക്കും. വാച്ച് കയ്യില്‍ കെട്ടിയിരിക്കുമ്പോള്‍ തന്നെ ഫോണ്‍ കോളുകള്‍ സ്വീകരിക്കാം.

ഉപയോക്താവിന്റെ ഹൃദയമിടിപ്പ് നിരക്കുകള്‍ കൂടുതല്‍ വ്യക്തമായി മനസിലാക്കാനും മുന്നറിയിപ്പ് നല്‍കാനുമുള്ള കൂടുതല്‍ സംവിധാനങ്ങള്‍ പുതിയ ആപ്പിള്‍ വാച്ചിലുണ്ടാവും. watchOS 4 സെപ്തംബര്‍ 19 മുതല്‍ ലഭ്യമാവും. ആപ്പിള്‍ വാച്ചുകളുടെ ഇരട്ടി 50 ശതമാനത്തിലധികം വര്‍ദ്ധിച്ചുവെന്നും റോളക്‌സിനെ പിന്‍തള്ളി ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാച്ചായി ആപ്പിള്‍ വാച്ച് മാറിയെന്നും കമ്പനി അവകാശപ്പെട്ടു.

ഫോര്‍ കെ ആപ്പിള്‍ ടിവി

മികച്ച ദൃശ്യവും ശബ്ദവും സമ്മാനിക്കുന്ന, അത്യാധുനിക ടിവിയാണ് ഇതെന്നാണ് ആപ്പിളിന്റെ അവകാശവാദം. നിലവിലെ സ്മാര്‍ട്ട് ടിവികളെ കവച്ചുവയ്ക്കുന്ന സൗകര്യങ്ങള്‍. എ10എക്‌സ് പ്രൊസസര്‍, എച്ച്ഡിആര്‍ പിന്തുണ, ഡോള്‍ബി വിഷന്‍. 32 ജിബി ടിവിയുടെ വില 179 ഡോളര്‍ മുതല്‍ ലഭ്യമാകും.