ദിലീപ് ഈ മാസം 28ന് വീണ്ടും വരുന്നു: ‘ജനപ്രിയ താരപദവി’ ഇപ്പോഴും ഉണ്ടോ എന്നറിയാന്‍

single-img
13 September 2017

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിന് പിന്നാലെ പ്രതിസന്ധിയിലായ ദിലീപ് ചിത്രം ‘രാമലീല’ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തീയേറ്ററുകളിലേക്ക് എത്തുന്നു. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 28ന് തിയേറ്ററുകളിലെത്തും.

പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ദിലീപ് വേഷമിടുന്നത്. പ്രയാഗ മാര്‍ട്ടിനാണ് നായിക. രാധികാ ശരത്കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീപ് അറസ്റ്റിലായ സമയത്ത് പോസ്റ്റ്‌പ്രൊഡക്ഷന്‍ ഘട്ടത്തിലായിരുന്നു ചിത്രം.

ആദ്യം ജൂലൈ ഏഴിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പിന്നീട് 21ലേക്ക് മാറ്റിയിരുന്നു. സാങ്കേതിക കാരണങ്ങളെന്നായിരുന്നു അന്ന് അണിയറക്കാരുടെ വിശദീകരണം. ജൂലൈ 10നായിരുന്നു ദിലീപിന്റെ അറസ്റ്റ്. ദിലീപ് ജാമ്യാപേക്ഷയുമായി രണ്ടാംതവണ ഹൈക്കോടതിയെ സമീപിച്ച സമയത്ത് ജാമ്യം ലഭിച്ചാല്‍ ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

പിന്നീട് റിലീസിംഗ് അനിശ്ചിതത്വത്തിലാവുകയായിരുന്നു. ദിലീപിന്റെ ജാമ്യത്തിനായി കാത്തു നില്‍ക്കണ്ടെന്ന തീരുമാനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ദിലീപിന്റെ അറസ്റ്റ് സിനിമയെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണിവര്‍.