കേന്ദ്രമന്ത്രിയാകാന്‍ താനും യോഗ്യ’യെന്ന് ശശികല

single-img
12 September 2017

തിരുവനന്തപുരം: കേന്ദ്രമന്ത്രിയാകാന്‍ യോഗ്യരായവര്‍ ധാരാളമുണ്ടെന്നും താനും, കേരളത്തിലെ ഓരോരുത്തരും മന്ത്രിയാകാന്‍ യോഗ്യതയുള്ളവരാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനം ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി മാത്രമാണെങ്കില്‍ എതിര്‍ക്കുമെന്നും അവര്‍ പറഞ്ഞു.

സംസ്ഥാന ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ബി.ജെ.പിയ്ക്കും ഇടയില്‍ പാലമായി പ്രവര്‍ത്തിക്കുമെന്ന് മന്ത്രിയായതിനു ശേഷം കണ്ണന്താനം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ശശികല രംഗത്തെത്തിയിരിക്കുന്നത്. അഞ്ചുമന്ത്രി അല്ലെങ്കില്‍ ആറു മന്ത്രിമാര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവരുടെ സ്വന്തം മതത്തിന് വേണ്ടിയായാല്‍ അതിനെ എതിര്‍ക്കുക തന്നെ ചെയ്യും.

അബ്ദുള്‍കലാം പ്രസിഡന്റായപ്പോള്‍ ‘മുസ്ലീം പ്രസിഡന്റായേ… മുസ്ലീം പ്രസിഡന്റായേ’ എന്നു പറഞ്ഞ് ഒരു ഹൈന്ദവ സംഘടനകളും പുറത്തിറങ്ങിയില്ല. കാരണം നിഷ്പക്ഷമായ നയം നടത്തുന്നവരുടെ പേരെന്തെന്നോ മമോദീസ മുങ്ങിയവരാണോ സുന്നത്ത് നടത്തിയവരാണോ എന്നതൊന്നും വിഷയമല്ലെന്നും അവരുടെ പ്രവര്‍ത്തനമാണ് വിഷയമെന്നും ശശികല പറഞ്ഞു.കണ്ണന്താനത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത് മതേതര നീക്കമാണെന്നും അങ്ങനെ തന്നെ നടക്കുമെന്നാണ് വിശ്വാസമെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

അതേസമയം പറവൂരിലെ പ്രസംഗത്തില്‍ തിരുത്തപ്പെടേണ്ടതായ ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്നും പ്രസംഗം മുഴുവന്‍ കേട്ടാല്‍ എല്ലാവര്‍ക്കും അതെല്ലാം മനസിലാകുമെന്നും പ്രസംഗം വിവാദമാക്കിയതിന്റെ പിന്നില്‍ ആരെല്ലാമാണെന്ന് സംഘടനാതലത്തില്‍ അന്വേഷിക്കുമെന്നും ശശികല പറഞ്ഞു.

പറയുന്ന കാര്യങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് ഉറച്ച ബോധ്യമുണ്ടെന്നും, പറവൂരിലെ പ്രസംഗം വിവാദമാക്കിയത് വോട്ടിന് വേണ്ടിയുള്ള രാഷ്ട്രീയ വിവാദമായെ കാണുന്നുള്ളുവെന്നും ശശികല വ്യക്തമാക്കി. മനോരമ ഓണ്‍ലൈനിലാണ് കെപി ശശികലയുടെ പ്രതികരണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

താന്‍ 1990 മുതല്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്. ഇന്നേവരെ ഒരു മതത്തെയോ മതഗ്രന്ഥത്തെയോ അപമാനിച്ച് സംസാരിച്ചിട്ടില്ല. മതത്തെ അപമാനിച്ചതിന് ഇന്നവരെ തന്റെ പേരില്‍ ഒരു കേസുമില്ലെന്നും ശശികല വ്യക്തമാക്കി. മൃത്യുഞ്ജയ ഹോമവും മന്ത്രവും എന്താണെന്ന് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ല. മൃത്യുഞ്ജയ ഹോമം എന്താണെന്നറിയാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. നമുക്ക് പ്രിയപ്പെട്ട ആരുടെയെങ്കിലും ആയുസ്സിനുള്ള അപകടം ഒഴിവായി പോകാനാണു മൃത്യുഞ്ജയ ഹോമം നടത്തുന്നതെന്നും ശശികല പറഞ്ഞു.