ജനങ്ങളില്‍ നിന്നുള്ള അകല്‍ച്ചയും അഹംഭാവവും കോണ്‍ഗ്രസിനെ തകര്‍ത്തു; രാഹുല്‍ ഗാന്ധി

single-img
12 September 2017

വാഷിങ്ടന്‍: ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ശിഥിലീകരണത്തിന്റെ കാരണങ്ങളെക്കുറിച്ച് അഭിപ്രായം രേഖപ്പൈടുത്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യുഎസ് പര്യടനത്തിനു തുടക്കം. 2012-ഓടെ പാര്‍ട്ടിക്കുള്ളിലേക്കു നുഴഞ്ഞുകയറിയ ധാര്‍ഷ്ഠ്യ മനോഭാവമാണു കോണ്‍ഗ്രസിനെ ജനങ്ങളില്‍ നിന്ന് അകറ്റിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ജനങ്ങളില്‍ നിന്നുള്ള അകല്‍ച്ചയും അഹംഭാവവും കോണ്‍ഗ്രസിനെ തകര്‍ത്തു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ തയാറാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തത് സംസാരിക്കവെയാണ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. കോണ്‍ഗ്രസിനെക്കുറിച്ച് സ്വയം വിമര്‍ശനത്തിനും രാഹുല്‍ ഗാന്ധി ആശയവിനിമയത്തിനിടെ തയാറായി.

ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും കുടുംബാധിപത്യം നിലനില്‍ക്കുന്നുണ്ട്. അഖിലേഷ് യാദവ്, സ്റ്റാലിന്‍, തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ പിന്തുടര്‍ച്ചക്കാരായി എത്തിയതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ തന്നെ മാത്രം ലക്ഷ്യമിടുന്നതില്‍ കാര്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സംഘര്‍ഷം ഇന്ത്യയുടെ മുഖ്യധാരയിലേക്കു വരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ഇതു തീര്‍ത്തും അപകടകരമായ പ്രവണതയാണ്. അഹിംസ എന്ന ആശയം വലിയ പ്രതിസന്ധി നേരിടുന്ന സമയമാണിത്. മനുഷ്യകുലത്തെ കൊണ്ടുപോകാന്‍ സാധിക്കുന്ന പ്രധാന ആശയം അഹിംസയാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

സ്വതന്ത്ര പത്രപ്രവര്‍ത്തനം നടത്തുന്നവര്‍ കൊല്ലപ്പെടുന്നു. ബീഫ് കൊണ്ടുപോകുന്നതിന്റെ പേരില്‍ പൗരന്മാര്‍ മര്‍ദ്ദനത്തിന് ഇരയാവുകയും ദലിത് വിഭാഗക്കാര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ബീഫ് കഴിക്കുന്നതിന്റെ പേരില്‍ മുസ്ലിങ്ങളും വധിക്കപ്പെടുന്നു. ഇതെല്ലാം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ കാഴ്ചകളാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഒന്‍പത് വര്‍ഷം കൊണ്ട് കാശ്മീരില്‍ യുപിഎ സര്‍ക്കാര്‍ കൊണ്ട് വന്ന വികസനം നരേന്ദ്ര മോദി സര്‍ക്കാര്‍ മുപ്പത് ദിവസം കൊണ്ട് തകര്‍ത്തുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച പ്രഭാഷകനാണ്. എന്നാല്‍ ഭരണം സുതാര്യമാക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിനു വീഴ്ച സംഭവിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു.