ഉഴുന്നാലിലിന്റെ മോചനം സന്തോഷകരമായ വാര്‍ത്തയെന്ന് മുഖ്യമന്ത്രി

single-img
12 September 2017

തിരുവനന്തപുരം: യെമനില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനം സന്തോഷകരമായ വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒമാന്റെ ഇടപെടല്‍ ഇതിന് വളരെ സഹായകരമായി. മറ്റു കാര്യങ്ങള്‍ അറിഞ്ഞിട്ടു പറയാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ഏറെ അവശനായ ഫാ. ഉഴുന്നാലിലിനെ കേരളത്തില്‍ എത്തിക്കുന്നതിനും തുടര്‍ ചികിത്സകള്‍ക്കും എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉഴുന്നാലിന്റെ സുരക്ഷിതമായ മടങ്ങി വരവില്‍ വിശ്വാസ സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ആഹ്ലാദത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

അതോസമയം ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിച്ചതില്‍ സന്തോമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തിലെ ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ മോചനത്തിനായി പ്രാര്‍ത്ഥനയിലായിരുന്നു. രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി കേരളത്തിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ അദ്ദേഹത്തിന് കത്ത് നല്‍കുകയും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി അദ്ദേഹത്തിന്റെ മോചനക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. ഫാ. ടോം ഉഴുന്നാല്‍ പൂര്‍ണ ആരോഗ്യവാനായി ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്ന നിമിഷത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.