പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചേക്കും;ഭീകരവാദക്യാമ്പുകള്‍ നടത്തുന്നുണ്ടെന്ന് എന്‍.ഐ.എ

single-img
12 September 2017

ദില്ലി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) രാജ്യത്ത് നിരോധിച്ചേക്കും.ഭീകരസംഘടനകളുമായി പോപ്പുലർ ഫ്രണ്ടിനു ബന്ധമുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണു നടപടിയെന്നു വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.

പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും ബോംബുകള്‍ നിര്‍മിക്കുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ നാലു തീവ്രവാദ കേസുകള്‍ നിലവിലുണ്ടെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ടിലുള്ളത്. എന്‍ഐഎ സമര്‍പ്പിച്ച ഫയലുകള്‍ പരിശോധിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം മാത്രമേ നിരോധനമടക്കമുള്ള കടുത്ത നടപടികളിലേക്കു കേന്ദ്രം നീങ്ങുകയുള്ളൂ.

അതേസമയം, എന്‍ഐഎയുടെ ആരോപണങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗം പി കോയ നിഷേധിച്ചു. അന്വേഷണത്തിന് എന്‍ഐഎ തങ്ങളെ സമീപിച്ചിട്ടില്ല. ദേശവിരുദ്ധമായി ഒന്നും പോപ്പുലര്‍ ഫ്രണ്ട് ചെയ്യുന്നില്ല. 25 വര്‍ഷത്തിനിടെ 10 കേസുകള്‍ മാത്രമേ പാര്‍ട്ടിയുടെ പേരിലുള്ളൂ. കേരളത്തിലെ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷങ്ങളില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. പക്ഷെ ഈ സംഘടനകളെ ദേശ വിരുദ്ധമെന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.