ആണവ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര കൊറിയയ്ക്കുമേല്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താന്‍ യുഎന്‍

single-img
12 September 2017

ന്യൂയോര്‍ക്: ആണവ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരകൊറിയയ്ക്കുമേല്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താന്‍ യുഎന്‍ രക്ഷാസമിതി തീരുമാനം. ഒരാഴ്ച മുമ്പ് ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതോടെയാണ് അമേരിക്ക കടുത്ത ഉപരോധങ്ങളടങ്ങിയ പുതിയ പ്രമേയം യു.എന്‍ രക്ഷാസമിതിക്കു മുമ്പാകെ വെച്ചത്. യുഎസ് അവതരിപ്പിച്ച പ്രമേയം രക്ഷാസമിതി അംഗീകരിച്ചു.

നിയന്ത്രിത അളവിലുള്ള എണ്ണ ഉപരോധം, വസ്ത്രക്കയറ്റുമതി, രാജ്യാന്തര തൊഴില്‍ കരാറുകള്‍, മറ്റു രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംരംഭങ്ങള്‍ എന്നിവയ്ക്കാണു പുതിയ ഉപരോധം. ഉത്തര കൊറിയയിലേക്ക് ഇന്ധന കയറ്റുമതിക്ക് സമ്പൂര്‍ണ നിരോധനം, ഭരണാധികാരി കിം ജോങ് ഉന്നിന്റെയും സര്‍ക്കാറിന്റെയും വിദേശ ആസ്തികള്‍ മരവിപ്പിക്കല്‍ തുടങ്ങിയവ അടങ്ങിയതായിരുന്നു ആദ്യ പ്രമേയമെങ്കിലും ചൈനയും റഷ്യയും എതിരെ നിലയുറപ്പിച്ചതോടെ മയപ്പെടുത്തുകയായിരുന്നു.

പൂര്‍ണമായും എണ്ണ ഉപരോധം ഏര്‍പ്പെടുത്തണമെന്നും കിം ജോങ് ഉന്നിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കണമെന്നുമായിരുന്നു യുഎസിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യങ്ങളോട് ചൈനയും റഷ്യയും പൂര്‍ണമായും യോജിച്ചില്ല. അതേസമയം, യുഎന്‍ ഉപരോധത്തെ ഉചിതമായ രീതിയില്‍ നേരിടുമെന്ന് ഉത്തര കൊറിയ പ്രതികരിച്ചു. യുഎസ് അതിനു വില നല്‍കേണ്ടിവരുമെന്ന് ഉറപ്പാക്കുമെന്നും ഉത്തര കൊറിയ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി മുന്നറിയിപ്പു നല്‍കി.