ചെന്നിത്തലയെ കുത്തി കെ മുരളീധരന്‍: പ്രതിപക്ഷ നേതാവാകാന്‍ യോഗ്യന്‍ ഉമ്മന്‍ചാണ്ടി

single-img
11 September 2017

കൊല്ലം: ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ മുരളീധരന്‍ രംഗത്ത്. പ്രതിപക്ഷ നേതൃനിരയിലേക്ക് വരാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്ന് കെ.മുരളീധരന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുക്കണമെന്നതാണ് പ്രവര്‍ത്തകരുടെ ആഗ്രഹം. ഈ ആഗ്രഹം ഉള്‍ക്കൊളളുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യക്ഷമമായ ചലനങ്ങള്‍ ഉണ്ടാക്കാനായില്ല.

ഇത്തരത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കുന്നതിന് ഉമ്മന്‍ചാണ്ടിയെപോലുള്ള നേതാവിന്റെ പ്രവര്‍ത്തനം വേണമെന്നാണ് കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അഭിപ്രായം. ഇതിനോട് യുഡിഎഫിലെ പല ഘടകകക്ഷികള്‍ക്കും യോജിപ്പാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മുരളീധരന്റെ പ്രസ്താവന കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചക്ക് ഇടയാക്കിയേക്കും.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്ന അഭിപ്രായം അസീസ് മുന്നോട്ടുവച്ചത്. ഉമ്മന്‍ചാണ്ടിയെ പോലെ ഓടി നടന്നു പ്രവര്‍ത്തിക്കാനുള്ള മിടുക്ക് രമേശ് ചെന്നിത്തലയ്ക്കില്ലെന്നായിരുന്നു അസീസിന്റെ അഭിപ്രായം.

ഉമ്മന്‍ചാണ്ടിക്ക് കിട്ടുന്ന പരിഗണന രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കില്ല. മുഖ്യമന്ത്രി ആയിരുന്ന വ്യക്തി എന്ന നിലയ്ക്ക് ഇത്തരം സ്ഥാനങ്ങളിലേക്ക് ഉമ്മന്‍ചാണ്ടി അനുയോജ്യനായ വ്യക്തിയാണ്. ഉമ്മന്‍ചാണ്ടിക്കുള്ള ജനകീയ പിന്തുണ രമേശ് ചെന്നിത്തലയ്ക്കില്ലെന്നും അസീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെ.മുരളീധരന്റെ അഭിപ്രായപ്രകടനവും.