ഗൗരി ലങ്കേഷ് വധം: കസ്റ്റഡിയിലെടുത്ത ആന്ധ്ര സ്വദേശിയെ ചോദ്യം ചെയ്യുന്നു

single-img
11 September 2017

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. സംശയകരമായ സാഹചര്യത്തില്‍ കണ്ട ആന്ധ്ര സ്വദേശിയെയാണ് പിടികൂടിയത്. ഇയാളെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
പല സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാളെ കണ്ടതായി പോലീസ് പറഞ്ഞു.

ഗാന്ധി ബസാര്‍ മുതല്‍ രാജരാജേശ്വരി നഗര്‍ വരെ ഗൗരി ലങ്കേഷ് സ്ഥിരമായി സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ പരമാവധി സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുകയും പരിശോധിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങളില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടയാളോടു സാമ്യമുള്ളതിനാലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ഇയാള്‍ക്കു കൊലപാതകത്തിലോ കൊലപാതക ആസൂത്രണത്തിലോ എന്തെങ്കിലും പങ്കുണ്ടോയെന്നതാണ് പൊലീസ് പരിശോധിക്കുന്നത്. ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്ന സമയത്ത്, ആ സ്ഥലത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍നിന്ന് ഇയാളുടെ നമ്പറിന്റെ സാന്നിധ്യം പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല.

ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ നേരത്തെ വിപുലീകരിച്ചിരുന്നു. രണ്ട് ഇന്‍സ്‌പെക്ടര്‍മാരടക്കം 44 പേരെയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ അന്വേഷണ സംഘത്തിലെ അംഗങ്ങളുടെ എണ്ണം 65ആയി.

നേരത്തെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് വിശ്വ ഹിന്ദു പരീഷത്ത് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷസംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. സംഘപരിവാര്‍ ഭീഷണിയുള്ള സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷ സര്‍ധിപ്പിക്കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.