കണ്ണന്താനം ഡല്‍ഹിക്ക്: ബിജെപിയുടെ നാളത്തെയും, മറ്റന്നാളത്തെയും സ്വീകരണ പരിപാടികള്‍ വെറുതെയായി

single-img
10 September 2017

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നാളത്തെയും, മറ്റന്നാളത്തെയും കോട്ടയം പരിപാടികള്‍ റദ്ദാക്കി. നാളെ കേന്ദ്രമന്ത്രിസഭായോഗത്തില്‍ മന്ത്രിക്ക് പങ്കെടുക്കേണ്ടതിനാലാണ് പരിപാടികള്‍ റദ്ദാക്കിയത്. അല്‍ഫോന്‍സ് കണ്ണന്താനം ഇന്ന് രാത്രി തന്നെ ഡല്‍ഹിക്ക് മടങ്ങും. 13 ന് കണ്ണന്താനം തിരികെയെത്തും.

തിങ്കളാഴ്ച സ്വകാര്യ ചടങ്ങിനായി കണ്ണൂരിലെത്തുന്ന മന്ത്രിയ്ക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കാന്‍ തീരുമാനിച്ചിരുന്നു. 12 ന് കോട്ടയത്ത് തിരികെയത്തുന്ന മന്ത്രി വൈകിട്ട് തിരുനക്കര ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുമെന്നും അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ പരിപാടികളില്‍ മാറ്റം വരും.

അതേസമയം, കാഞ്ഞിരപ്പള്ളി പൗരാവലി 15 ന് ജന്മനാട്ടില്‍ മന്ത്രിക്ക് നല്‍കുന്ന പൗര സ്വീകരണം മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് വിവരം. അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.

വൈദ്യുത മന്ത്രി എം.എം. മണി, ആന്റോ ആന്റണി എംപി, പി.ജെ. ജോസഫ് എംഎല്‍എ, എന്‍. ജയരാജ് എംഎല്‍എ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ എംഎല്‍എമാരായ കെ.ജെ. തോമസ്, ജോര്‍ജ് ജെ. മാത്യു, ബിജെപി സംസ്ഥാനജില്ലാ നേതാക്കള്‍, ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കേന്ദ്രമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം അല്‍ഫോണ്‍സ് കണ്ണന്താനം ആദ്യമായാണ് ഇന്ന് കേരളത്തിലെത്തിയത്. രാവിലെ 9.30ന് നെടുമ്പാശേരിയിലെത്തിയ കണ്ണന്താനത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ സ്വീകരണം നല്‍കിയിരുന്നു.

തുടര്‍ന്ന് എറണാകുളം ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയില്‍ ഒരുക്കിയിരിക്കുന്ന സ്വീകരണത്തിലും കണ്ണന്താനവും സംഘവും പങ്കെടുത്തു. വികസനകാര്യങ്ങളില്‍ കേരളത്തിന് മുന്‍ഗണന നല്‍കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനായി കേന്ദ്രകേരള സര്‍ക്കാരുകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കും.

കേരളവും കേന്ദ്രവും തമ്മില്‍ അടുത്ത ബന്ധം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുമായി തനിക്കുള്ള വ്യക്തിബന്ധം ഇതിനു സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്നും കണ്ണന്താനം പറഞ്ഞു.

കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതില്‍ ബിജെപി സംസ്ഥാന ഘകത്തിന് അതൃപ്തിയുണ്ടായിരുന്നു. കേന്ദ്ര നേതൃത്വം ഇടപെട്ടതോടെയാണ് കേന്ദ്രമന്ത്രിപദത്തിലെത്തിയ കണ്ണന്താനത്തിന് സ്വീകരണമൊരുക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായത്.

അതേസമയം, മന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍ ബിജെപി സംസ്ഥാന ഓഫിസില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാത്തതില്‍ നിരാശയില്ലെന്നും കണ്ണന്താനം വ്യക്തമാക്കി. അന്നേ ദിവസം ഓഫീസിന് ഓണാവധി ആയതിനാലാണ് ആഘോഷമൊന്നും നടത്താതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.