വി.എസ്. അച്യുതാനന്ദനെ പരിഹസിച്ച് കണ്ണന്താനം: ‘വിഎസിന് പ്രായമായില്ലേ, എന്തും പറയാം’

single-img
10 September 2017

കൊച്ചി: തനിക്ക് രാഷ്ട്രീയ അപചയം സംഭവിച്ചെന്നും കേന്ദ്രമന്ത്രിസ്ഥാനത്തില്‍ അഭിനന്ദനീയമായി ഒന്നുമില്ലെന്നുമുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്റെ പരാമര്‍ശത്തിന് മറുപടിയുമായി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്.

വിഎസിന് പ്രായമായെന്നും അതുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്നുമായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം. എന്തും പറയാനുളള സ്വാതന്ത്ര്യമുണ്ടെന്നാണ് വിഎസ് കരുതുന്നത.് ഇതൊന്നും കാര്യമാക്കേണ്ടതില്ല. ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.

കണ്ണന്താനത്തിന്റെ മന്ത്രിപദവിയില്‍ അഭിനന്ദിക്കാന്‍ ഒന്നുമില്ലെന്നും, അദ്ദേഹത്തിന് രാഷ്ട്രീയ ജീര്‍ണത സംഭവിച്ചെന്നുമായിരുന്നു വിഎസിന്റെ വിമര്‍ശനം. ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്നതില്‍ ഏറ്റവും വലിയ അപചയമാണ് കണ്ണന്താനത്തിന്റെതെന്നും വിഎസ് പറഞ്ഞിരുന്നു. മന്ത്രിസ്ഥാനത്തില്‍ കണ്ണന്താനത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായിയെ തളളി കൊണ്ടായിരുന്നു വിഎസിന്റെ പ്രസ്താവന.

സംസ്ഥാന ലാന്‍ഡ് റവന്യൂ കമ്മീഷണറായിരിക്കെ ഐഎഎസില്‍നിന്നും രാജിവച്ച അല്‍ഫോന്‍സ് കണ്ണന്താനം തുടര്‍ന്നങ്ങോട്ട് ഇടതുപക്ഷ സഹയാത്രികനായിരുന്നു. 2006ല്‍ കാഞ്ഞിരപ്പള്ളിയില്‍നിന്നും ഇടതു സ്വതന്ത്രനായി മല്‍സരിച്ച അദ്ദേഹം മികച്ച വിജയം നേടി നിയമസഭയിലെത്തി.

എന്നാല്‍, എംഎല്‍എ സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെ കണ്ണന്താനം ബിജെപിയിലേക്കു കൂടുമാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ്, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടതുപക്ഷം കൂടുതല്‍ ജാഗരൂകരാകണമെന്ന് വി.എസ്. അച്യുതാനന്ദന്‍ മുന്നറിയിപ്പ് നല്‍കിയത്.