ജെഎന്‍യു ഇടത്പക്ഷത്തിന്റെ ഉരുക്കുകോട്ട: വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം

single-img
10 September 2017

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിശാല ഇടതു സഖ്യത്തിന് ജയം. എസ്എഫ്‌ഐ, ഐസ, ഡിഎസ്എഫ് സഖ്യം എല്ലാ ജനറല്‍ സീറ്റുകളിലും വിജയിച്ചു. ഐസയുടെ ഗീതാകുമാരി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എബിവിപിയാണ് രണ്ടാം സ്ഥാനത്ത്. ദലിത് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച ബാപ്‌സ തൊട്ടുപിന്നില്‍ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷവും വിദ്യാര്‍ഥി യൂണിയന്‍ ഇടതുസഖ്യത്തിനായിരുന്നു. വന്‍ പ്രചാരണം നടത്തിയ എബിവിപിക്ക് ഒരു ജനറല്‍ സീറ്റു പോലും നേടാനാകാത്തത് വന്‍ ക്ഷീണമായി. കൗണ്‍സിലര്‍ സീറ്റുകളിലും വന്‍ വിജയം നേടിയ ഇടതുസഖ്യം, വിവിധ പഠന വിഭാഗങ്ങളിലും ആധിപത്യം ഉറപ്പിച്ചു.

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച, സിപിഐ മേതാവ് ഡി.രാജയുടെ മകള്‍ ആനി രാജ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ആരംഭിച്ച വോട്ടെണ്ണല്‍ ഞായറാഴ്ച പുലര്‍ചെയാണ് പൂര്‍ത്തിയായത്. അതേസമയം, വോട്ടെണ്ണല്‍ പൂര്‍ത്തിയായെങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടായില്ല. തിങ്കളാഴ്ചയാണ് ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുകയെന്ന് സര്‍വകലാശാലാ വൃത്തങ്ങള്‍ വ്യക്തമാക്കി.

നജീബിന്റെ തിരോധാനവും യുജിസി വിജ്ഞാപനത്തെതുടര്‍ന്ന് ഗവേഷണ കോഴ്‌സുകളിലെ സീറ്റുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചതും സര്‍വകലാശാലയ്‌ക്കെതിരെ സംഘപരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന അപവാദ പ്രചരണങ്ങളും ചര്‍ച്ചയായ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും അവസാന നിമിഷം വരെയും ഉദ്വേഗജനകമായി തുടരുകയായിരുന്നു. പോള്‍ ചെയ്ത 4639 വോട്ടുകളില്‍ മുഴുവന്‍ വോട്ടുകളും എണ്ണിയപ്പോള്‍ ഇടത് സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഗീതാ കുമാരിക്ക് (എഐഎസ്എ) 1506 വോട്ടുകള്‍ കിട്ടി.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 1876 വോട്ടുകള്‍ നേടി ഇടത് സഖ്യ സ്ഥാനാര്‍ഥി സിമന്‍ സോയ ഖാന്‍ (എഐഎസ്എ) വിജയിച്ചു. 1028 വോട്ടുകള്‍ നേടി എബിവിപി സ്ഥാനാര്‍ഥിയും 935 വോട്ടുകളുമായി ബിഎപിഎസ്എ സ്ഥാനാര്‍ഥിയുമാണ് പിന്നിലുള്ളത്.

ജനറല്‍ സെക്രട്ടറിയായി ഇടതു സ്ഥാനാര്‍ഥി ദുഗ്ഗിരാല ശ്രീകൃഷ്ണ(എസ്എഫ്‌ഐ) 2082 വോട്ടുകള്‍ നേടി വിജയിച്ചു. 975 വോട്ടുകള്‍ നേടി എബിവിപി സ്ഥാനാര്‍ഥിയും 854 വോട്ടുകള്‍ നേടി ബിഎപിഎസ്എ സ്ഥാനാര്‍ഥിയുമാണ് പിന്നിലുള്ളത്.

ഇടതു സഖ്യത്തിന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി സുഭാന്‍ഷു സിങ്ങ്(ഡിഎസ്എഫ്) 1755 വോട്ടുകള്‍ നേടി വിജയം ഉറപ്പിച്ചു. 920 വോട്ടുകള്‍ നേടി എബിവിപി സ്ഥാനാര്‍ഥിയും 860 വോട്ടുകള്‍ നേടി ബിഎപിഎസ്എ സ്ഥാനാര്‍ഥിയുമാണ് പിന്നിലുള്ളത്.

ജെഎന്‍യുവിലെ ഏറ്റവും പ്രധാനപ്പെട്ട സ്‌കൂളുകളായ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് എന്നിവിടങ്ങളിലെ കണ്‍വീനര്‍ സ്ഥാനം ഇടതു സഖ്യം നേടി. സ്‌കൂള്‍ ഓഫ് ലാംഗ്വേജസില്‍ അഞ്ച് കൌണ്‍സിലര്‍ സീറ്റുകളും ഇടതു സഖ്യം ജയിച്ചു.

സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ അഞ്ചില്‍ നാല് കൌണ്‍സിലര്‍ സീറ്റുകളും ഇടത് സഖ്യം നേടി. ഒരു സീറ്റില്‍ സ്വതന്ത്രന്‍ ജയിച്ചു. ഇടതു സഖ്യ സ്ഥാനാര്‍ഥികളായ മാരി പെഗു(302 വോട്ട്), ഐഷ് ഘോഷ് (282), സര്‍തക് ഭാട്ടിയ (250), ശശികാന്ത് ത്രിപാതി (247) എന്നിവരും സ്വതന്ത്ര സ്ഥാനാര്‍ഥി പ്രഹ്‌ളാദ് കുമാര്‍ സിങ്ങും(239) വിജയിച്ചു. 806 വോട്ടുകളാണ് ഇവിടെ പോള്‍ ചെയ്തത്.

സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ അഞ്ചില്‍ നാല് കൌണ്‍സിലര്‍ സീറ്റുകളും ഇടത് സഖ്യം നേടി. ഒരു സീറ്റില്‍ ബിഎഎസ്ഒ ജയിച്ചു. ഇടതു സഖ്യ സ്ഥാനാര്‍ഥികളായ അജാസ് അഹമ്മദ് റാത്തര്‍ (484 വോട്ട്), സതീഷ് ചന്ദ്രന്‍ യാദവ് (412), ശ്രയാസി ബിശ്വാസ് (477), സുധന്യ പാല്‍ (498) എന്നിവരും ബിഎഎസ്ഒ സ്ഥാനാര്‍ഥി ചേപാല്‍ ഷെര്‍പയും(552) ജയിച്ചു. 1285 വോട്ടുകളാണ് ഇവിടെ പോള്‍ ചെയ്തത്.