മനസില്ലാ മനസ്സോടെ കണ്ണന്താനത്തെ ‘സ്വീകരിച്ച്’ ബിജെപി സംസ്ഥാന നേതാക്കള്‍

single-img
10 September 2017

കേന്ദ്ര ടൂറിസം ഐടി മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കേരളത്തിലെത്തി. മന്ത്രിയായ ശേഷം ആദ്യമായാണ് കണ്ണന്താനം കേരളത്തിലെത്തുന്നത്. ബിജെ പി കേരളഘടകം വന്‍ സ്വീകരണമാണ് ഒരുക്കിയത്. രാവിലെ 9.30ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മന്ത്രിയെ ബിജെപി സംസ്ഥാന നേതാക്കള്‍ സ്വീകരിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, വി.മുരളീധരന്‍, എഎന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് എറണാകുളം ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയില്‍ ഒരുക്കിയിരിക്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കുന്നതിനായി കണ്ണന്താനവും സംഘവും അവിടേക്കു തിരിച്ചു.

കേന്ദ്രമന്ത്രിയായ ദിവസം ഓണാവധിയായതിനാലാണ് ബിജെപി ഓഫിസില്‍ ആഘോഷങ്ങള്‍ ഇല്ലാതിരുന്നതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. അതില്‍ നിരാശയില്ല. വികസനകാര്യങ്ങളില്‍ കേരളത്തിന് മുന്‍ഗണന നല്‍കും. കേരളവും കേന്ദ്രവും തമ്മില്‍ അടുത്ത ബന്ധം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് കണ്ണന്താനം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുമായി തനിക്കുള്ള വ്യക്തിബന്ധം ഇതിനു സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്നും കണ്ണന്താനം പറഞ്ഞു.

കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ കണ്ണന്താനം ഈ ദിവസങ്ങളില്‍ ഒട്ടേറെ പരിപാടികളില്‍ പങ്കെടുക്കും. കോട്ടയം ജില്ലയില്‍ റോഡ് ഷോയടക്കമുളള സ്വീകരണ പരിപാടികളാണ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം ആഘോഷിക്കാന്‍ പാര്‍ട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്. കോട്ടയം ജില്ലാ കമ്മിറ്റിയുടെ സ്വീകരണത്തിനുശേഷം ജന്മനാടായ കാഞ്ഞിരപ്പള്ളിയിലേക്കു പോകും.

ഉച്ചയ്ക്ക് 1.30നു ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.എസ്.ശ്രീധരന്‍പിള്ള റോഡ് ഷോ ഉദ്ഘാടനം ചെയ്യും. ഒന്‍പതു പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് ഷോ കണ്ണന്താനത്തിന്റെ വീടിനു സമീപം മണിമലയില്‍ സമാപിക്കും. 12നു തിരുനക്കര ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 15നു കാഞ്ഞിരപ്പള്ളി പൗരാവലി സ്വീകരണം നല്‍കും.