ആള്‍ദൈവം നൽകിയ മൃതദേഹങ്ങള്‍ ആരുടേത്?മതിയായ രേഖകളില്ലാതെ ദേരാ സച്ചാ സൗദ ‘പഠിക്കാന്‍’ നല്‍കിയത് 14 മൃതദേഹങ്ങള്‍

single-img
9 September 2017


ലക്‌നൗ: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ ദേരാ സച്ചാ സൗദയില്‍ നിന്നും കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഈ വര്‍ഷം മാത്രം ആശ്രമത്തില്‍ നിന്നും മതിയായ രേഖകള്‍ ഇല്ലാതെ 14 മൃതദേഹങ്ങള്‍ ലക്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ നല്‍കിയിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം യു.പി സര്‍ക്കാരിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ലക്‌നൗവിലെ സ്വകാര്യ മെഡിക്കല്‍ കോളേജായ ജി.സി.ആര്‍.ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനാണ് മൃതദേഹങ്ങള്‍ കൈമാറിയത്. ഇത്തരമൊരു കൈമാറ്റം നടത്തുമ്പോള്‍ ആവശ്യമായ മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളോ സര്‍ക്കാരിന്റെ അനുവാദമോ ഇല്ലായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ജി.സി.ആര്‍.ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തങ്ങളുടെ കോളേജ് 150 മെഡിക്കല്‍ സീറ്റ് ആരംഭിച്ചുവെന്നും എന്നാല്‍ പഠനത്തിന് വേണ്ടിയുള്ള മൃതദേഹങ്ങളുടെ കുറവ് കോളേജ് വല്ലാതെ അഭിമുഖീകരിച്ചിരുന്നുവെന്നും കോളേജിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ലക്ഷ്മി കാന്ത് പാണ്ഡെ വ്യക്തമാക്കി. ആ സമയത്താണ് തങ്ങള്‍ ദേരാ സച്ചാ സൗദയില്‍ നിന്നും അവിടുത്തെ അനുയായികള്‍ മൃതദേഹങ്ങള്‍ നല്‍കുന്നുണ്ടെന്ന് അറിഞ്ഞത്. മറ്റുള്ള സ്ഥാപനങ്ങളെ പോലെ അവരുടെ സേവനം ഉപയോഗിക്കാന്‍ തങ്ങളും തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ള മെഡിക്കല്‍ കോളേജിലെ റെക്കാഡ് പരിശോധിച്ചാല്‍ അവരും ഇത്തരം സേവനങ്ങള്‍ സ്വീകരിച്ചിരുന്നുവെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ആശ്രമത്തില്‍ പരിശോധന ഉറപ്പായതിനു പിന്നാലെ ദേരാ സച്ചാ സൗദാ അനുയായികളുടെ മൃതദേങ്ങള്‍ ആശ്രമത്തിനുള്ളില്‍ സംസ്‌കരിച്ചിട്ടുണ്ടെന്ന് സംഘടനയുടെ മുഖപത്രമായ ‘സാച്ച് കഹൂന്‍’ വെളിപ്പെടുത്തിയിരുന്നു. മരണമടയുന്ന അനുയായികളുടെ മൃതദേഹങ്ങള്‍ പുഴയിലും മറ്റും ഒഴുക്കുന്നത് മലിനീകരണത്തിനു കാരണമാകുമെന്നതിനാല്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ആസ്ഥാനത്തിനുള്ളില്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നെന്നാണ് വെളിപ്പെടുത്തല്‍. ആശ്രമത്തിനുള്ളില്‍ ഗുര്‍മീതിന്റെ നടപടികളെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ ആശ്രമത്തിനുള്ളില്‍ത്തന്നെ അടക്കം ചെയ്യുകയും ചെയ്യുന്നതായി വിവിധ കോണുകളില്‍നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതും പരിശോധനയുടെ ഭാഗമാണ്. അതിനിടെയാണ് മരണമടയുന്ന അനുയായികളുടെ മൃതദേഹങ്ങള്‍ ആശ്രമത്തിനുള്ളില്‍ സംസ്‌കരിക്കുന്ന പതിവുണ്ടെന്ന് മുഖപത്രം വ്യക്തമാക്കിയത്.