ഗണേഷിന്റെ പ്രസ്താവന ആസൂത്രിതം;ഗണേഷ് കുമാറിന്റെ ദിലീപ് അനൂകൂല പ്രസ്താവനയ്ക്കെതിരെ പൊലീസ് കോടതിയില്‍

single-img
9 September 2017


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനകുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ച ശേഷം കെബി ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവനക്കെതിരെ അന്വേഷണസംഘം കോടതിയെ സമീപിച്ചു. ഗണേഷ് കുമാറിന്റെ പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാനും ഉദേശിച്ചുള്ളതാണെന്ന് പൊലീസ് അങ്കമാലി കോടതിയെ അറിയിച്ചു.
കേസ് വഴിതെറ്റിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു. ദിലീപിനെ കാണാന്‍ സിനിമാ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിയതില്‍ സംശയങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.

ജാമ്യം തേടി മൂന്നാതും ദിലീപ് ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ എത്തുമ്പോള്‍ ഇക്കാര്യം പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിക്കും. നേരത്തെ രണ്ടു തവണയും ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഗണേശ് കുമാര്‍, താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയാണ്. അത്തരമൊരു പദവി വഹിക്കുന്ന ഒരാള്‍ ദിലീപിനെ അനുകൂലിച്ച് പരസ്യനിലപാട് സ്വീകരിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ട്. ഗണേശിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സിനിമാരംഗത്തുള്ളവര്‍ കൂട്ടത്തോടെ ജയിലില്‍ എത്തുന്നുണ്ട്. ഇത് സംശയാസ്പദമാണ്. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും മറ്റും നടന്ന പ്രചരണം പോലെയാണ് ഇപ്പോഴത്തെ നീക്കമെന്ന് സംശയമുള്ളതായും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലാണെങ്കിലും കോടതി വിധിക്കുംവരെ ദിലീപ് കുറ്റവാളിയല്ലെന്ന് ഗണേശ് കുമാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം പറഞ്ഞിരുന്നു. ഒരാളുടെ നല്ല സമയത്തല്ല മറിച്ച് ആപത്ത് വരുമ്പോഴാണ് സുഹൃത്തുകളും സഹപ്രവര്‍ത്തകരും കൂടെ നില്‌ക്കേണ്ടത്. ദിലീപിന്റെ സഹായങ്ങള്‍ സ്വീകരിച്ച നിരവധി പേര്‍ സിനിമയിലുണ്ട്. പൊലീസ് ചോദ്യംചെയ്യുമെന്നോ ഫോണ്‍ കോളുകള്‍ ചോര്‍ത്തുമെന്നോ ചാനല്‍ ചര്‍ച്ചയ്‌ക്കെത്തുന്നവരുടെ വിമര്‍ശനം ഉണ്ടാകുമെന്നോ ഭയന്ന് അദ്ദേഹത്തെ പിന്തുണയ്ക്കാതിരിക്കരുതെന്നും ഗണേശ് പറഞ്ഞിരുന്നു. സ്ത്രീ പീഡനത്തില്‍ നേരിട്ട് പങ്കാളിയായ എം.എല്‍.എയ്ക്ക് ജാമ്യം കിട്ടിയ നാട്ടില്‍ കലാകാരന് ജാമ്യം നിഷേധിച്ചതിനോട് വിയോജിപ്പുണ്ട്. എല്ലാവര്‍ക്കും നീതി ഒരുപോലെ ലഭിക്കണം. പൊലീസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് കാലം തെളിയിക്കുമെന്നും ഗണേശ് പറഞ്ഞിരുന്നു