നാദിര്‍ഷയും അഴിക്കുള്ളിലേക്ക്?: അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം ഹൈക്കോടതി തള്ളി

single-img
8 September 2017

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനു പിന്നാലെ സംവിധായകനും നടനുമായ നാദിര്‍ഷയും അഴിക്കുള്ളിലേക്ക്. അറസ്റ്റ് തടയണമെന്ന നാദിര്‍ഷായുടെ ആവശ്യം ഹൈക്കോടതി തള്ളി. നാദിര്‍ഷ സമര്‍പ്പിച്ച അപേക്ഷ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് തള്ളിയത്.

അറസ്റ്റ് തടയാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി താരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 13ന് പരിഗണിക്കുമെന്നും ഉത്തരവിട്ടു. എന്നാല്‍ അതുവരെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയെ പറ്റിയുള്ള കേസില്‍ നാദിര്‍ഷ തെറ്റായ വിവരങ്ങള്‍ നല്‍കി വഴിതെറ്റിക്കാന്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് വിശദമായ ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയതെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. പൊലീസ് വിളിച്ചതിന് പിന്നാലെ നാദിര്‍ഷ ബുധനാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുകയാണ്. ഇതിനൊപ്പം തന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തതിനൊപ്പംതന്നെയാണു നാദിര്‍ഷായുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയത്. ദിലീപിന്റെ അറസ്റ്റോടെ കേസിന്റെ ഒരു ഘട്ടമേ പൂര്‍ത്തിയായിട്ടുള്ളൂ. അന്വേഷണം ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നും അതിനാല്‍ നാദിര്‍ഷായെ ചോദ്യം ചെയ്തു വിവരം ശേഖരിച്ചേ മതിയാകൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം.

എന്നാല്‍ താന്‍ നിരപരാധിയാണെന്നും നേരത്തെ ചോദ്യം ചെയ്തപ്പോള്‍ തന്നെ അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തോടു പറഞ്ഞു കഴിഞ്ഞുവെന്നുമാണു നാദിര്‍ഷാ ജാമ്യാപേക്ഷയില്‍ ബോധിപ്പിക്കുന്നത്. ഇനിയും അന്വേഷണവുമായി ഏതുവിധത്തിലും സഹകരിക്കാന്‍ തയാറാണെന്നും ജാമ്യം അനുവദിച്ചാലും പൊലീസ് ആവശ്യപ്പെട്ടാല്‍ ഹാജരാകാന്‍ തയാറാണെന്നും പറയുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിന്റെ വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ നാദിര്‍ഷാ ശ്രമിച്ചിട്ടുണ്ട് എന്നുതന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതു ഫലത്തില്‍ അന്വേഷണം പരാജയപ്പെടുത്താനും ദിലീപിനെ രക്ഷിക്കാനുമുള്ള ശ്രമമായിരുന്നുവെന്നും പൊലീസ് കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ ദിലീപിനൊപ്പം നാദിര്‍ഷായെ പ്രതിചേര്‍ത്തേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.