വിമാനയാത്രക്കാര്‍ ജാഗ്രതൈ!: മോശമായി പെരുമാറിയാല്‍ പിന്നെ രണ്ട് വര്‍ഷം വിമാനത്തിലേ കേറാന്‍ പറ്റില്ല

single-img
8 September 2017

ന്യൂഡല്‍ഹി: വിമാനത്തില്‍ മോശമായി പെരുമാറുന്ന യാത്രക്കാര്‍ക്ക് കൂച്ചുവിലങ്ങ് ഇടാനൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം. മോശമായി പെരുമാറുന്നവരെ മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ വിലക്കുന്നതാണ് പുതിയ ചട്ടങ്ങള്‍. യാത്രക്കാരുടെ പെരുമാറ്റം അനുസരിച്ച് മൂന്നു തലത്തിലുള്ള നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു.

വിലക്ക് ഇപ്രകാരം

1. മോശം ചേഷ്ടകള്‍ കാണിക്കുകയും, വാക്കുകള്‍ക്കൊണ്ട് അധിക്ഷേപിക്കുകയും അനിയന്ത്രിതമായി കുടിച്ചു മോശമായി പെരുമാറുകയും ചെയ്യുന്നവര്‍ക്ക് മൂന്നു മാസം വരെയാകും യാത്രാ വിലക്ക്.

2. തള്ളുക, തൊഴിക്കുക, അടിക്കുക അനാവശ്യമായി സ്പര്‍ശിക്കുക തുടങ്ങിയ രീതിയില്‍ പെരുമാറുന്ന യാത്രക്കാര്‍ക്കു പരമാവധി ആറുമാസം വരെയാണു വിലക്ക്.

3. ഗൗരവതരമായ മറ്റു കാര്യങ്ങള്‍ അതായതു മര്‍ദ്ദനം, വിമാനത്തിനകത്തെ സംവിധാനങ്ങള്‍ക്കു കേടുപാടുകള്‍ വരുത്തുക തുടങ്ങിയ പെരുമാറ്റങ്ങള്‍ക്കു രണ്ടു വര്‍ഷം വരെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തും.

യാത്രയ്ക്കിടെ ഉണ്ടാക്കുന്ന ഏതൊരു പ്രശ്‌നത്തിനും നിലവിലെ നിയമപ്രകാരം സ്വീകരിക്കാവുന്ന നിയമനടപടികള്‍ക്ക് പുറമെയാണ് യാത്രാവിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍. വ്യോമയാന മന്ത്രാലയത്തിന്റെ നോ ഫ്‌ളൈ പട്ടികയില്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നവരെയും കൂട്ടിച്ചേര്‍ക്കുന്നതാണ്.

പ്രശ്‌നക്കാരായ യാത്രക്കാര്‍ക്കെതിരെ ഏത് ലെവല്‍ കുറ്റകൃത്യം ചുമത്തണമെന്ന് വിരമിച്ച ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര കമ്മറ്റി തീരുമാനിക്കും. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്ത് 30 ദിവസത്തിനകം ഇത് സംബന്ധിച്ച് തീരുമാനം എടുക്കും.

അതേസമയം പുതിയ നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യം ഉണ്ടാകുമോ എന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ശിവസേന എം.പി രവീന്ദ്ര ഗെയ്ക്‌വാദ് വിമാനത്തില്‍ ജീവനക്കാരനോട് മോശമായി പെരുമാറിയ സംഭവമുണ്ടായതോടെയാണ് ഇതിനെതിരെ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയത്.