ആലുവ സബ്ജയില്‍ ദിലീപിന്റെ സന്ദര്‍ശകരുടെ ഗാലറിയായി: പരാതിയുമായി അന്വേഷണസംഘം കോടതിയിലേക്ക്

single-img
8 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും. ദിലീപിനെ കാണാനെത്തുന്ന ചില താരങ്ങള്‍ ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് മണിക്കൂറുകള്‍ ജയിലില്‍ ചെലവഴിക്കുന്നുവെന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രധാന പരാതി.

അവധി ദിനങ്ങളില്‍ പോലും ദിലീപിനെ കാണാന്‍ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിയ ജയില്‍ സൂപ്രണ്ടിനെതിരെ പരാതി നല്‍കാനും പൊലീസിലെ ഒരു വിഭാഗം നീക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കെ.ബി ഗണേഷ് കുമാര്‍ ജയിലില്‍ ദിലീപിനൊപ്പം ഒരു മണിക്കൂറാണ് ചെലവഴിച്ചത്.

ജയിലില്‍ പ്രതികളെ സന്ദര്‍ശിക്കാന്‍ അര മണിക്കൂറെ അനുവദിക്കാവൂ എന്നാണ് ജയില്‍ ചട്ടം. കൂടാതെ ജയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തല്ലാത്ത എംഎല്‍എമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കരുതെന്നും നിയമം അനുശാസിക്കുന്നു. എന്നാല്‍ കൊല്ലം ജില്ലയിലെ പത്തനാപുരം എംഎല്‍എ എന്ന നിലയില്‍ ഗണേഷിന് ആലുവ സബ്ജയിലില്‍ പ്രത്യേക പരിഗണന ലഭിച്ചെന്നും അന്വേഷണ സംഘം പരാതിപ്പെടുന്നു.

ഓണത്തോടനുബന്ധിച്ച് നടന്‍ ജയറാം, നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, രഞ്ജിത്ത്, വിജയരാഘവന്‍ തുടങ്ങി സിനിമയില്‍ നിന്നുള്ള നിരവധി പേരാണ് ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയിരുന്നത്. ഇതോടെ ആലുവ സബ്ജയില്‍ ദിലീപിന്റെ സന്ദര്‍ശകരുടെ ഗാലറി ആയി മാറിയെന്ന ആക്ഷേപവും ശക്തമായിരിക്കുകയാണ്.