മിസ്റ്റർ പദ്മകുമാർ , ഒന്ന് പറഞ്ഞോട്ടെ , പേടിപ്പിച്ചു കളയാം എന്ന് ധരിക്കരുത് : ബിജെപി നേതാവിനു മാധ്യമപ്രവർത്തക ഷാഹിനയുടെ മറുപടി

single-img
8 September 2017

ടിവി ചാനലിലൂടെ തനിക്കെതിരേ വ്യാജ ആരോപണം ഉന്നയിച്ച ബിജെപി നേതാവ് ജെ ആർ പദ്മകുമാറിനു ശക്തമായ മറുപടിയുമായി ഓപ്പൺ മാഗസിനിലെ മുതിർന്ന മാധ്യമപ്രവർത്തകയായ ഷാഹിന നഫീസ. ഗൌരി ലങ്കേഷ് വിഷയവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി മനോരമ ചാനലിൽ നടന്ന ചർച്ചയിൽ പദ്മകുമാർ ഷാഹിനയ്ക്കെതിരെ നടത്തിയ പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്നാരോപിച്ചാണ് ഷാഹിന ഫെയ്സ്ബുക്കിലൂടെ മറുപടി പറഞ്ഞത്.

“ഗൗരി ലങ്കേഷ് തന്നെ വിഷയം .അദ്ദേഹം ചർച്ച തുടങ്ങുന്നത് തന്നെ എനിക്കെതിരായ ആക്രമണം അഴിച്ചു വിട്ടുകൊണ്ടാണ് . മാധ്യമപ്രവർത്തകർക്ക് അജണ്ടയുണ്ടത്രേ .അതിന് അദ്ദേഹം ഉദാഹരിക്കുന്നത് എന്നെയാണ് .പക്ഷേ പറയുന്നത് പച്ചകള്ളമാണെന്ന് മാത്രം “- ഷാഹിന തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഷാഹിന പരിഷ്കൃതസമൂഹത്തിനു ചേരാത്ത തരത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു എന്നായിരുന്നു പദ്മകുമാറിന്റെ ആരോപണം.

“വേണമെങ്കിൽ ഫോണെടുത്തു പദ്മകുമാറിനെ വിളിച്ചു എനിക്ക് ചോദിക്കാം ഏതു പോസ്റ്റിനെ കുറിച്ചാണ് ഈ പറയുന്നത് എന്ന് . പക്ഷേ അയാൾ ആക്ഷേപമുന്നയിച്ചത് പരസ്യവേദിയിലായതിനാൽ മറുപടിയും പരസ്യമായി തന്നെ മതി“ ഷാഹിന പറയുന്നു.

താൻ ഇട്ടു എന്നു പറയുന്ന പരിഷ്കൃതസമൂഹത്തിനു ചേരാത്ത പോസ്റ്റ് ഏതാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത പദ്മകുമാറിനുണ്ടെന്നു ഷാഹിന പറയുന്നു.

“മിസ്റ്റർ പദ്മകുമാർ , പരിഷ്കൃത സമൂഹത്തെക്കുറിച്ചൊക്കെ വലിയ ഉൽക്കണ്ഠയുള്ള ആളാണ് താങ്കളും താങ്കളുടെ പാർട്ടിയും എന്നറിഞ്ഞതിൽ സന്തോഷം . പക്ഷേ ഞാനിട്ടു എന്ന് താങ്കൾ പറയുന്ന ആ പോസ്റ്റ് ഏതാണെന്നു വ്യക്തമാക്കാനുള്ള ഒരു ബാധ്യത കൂടി താങ്കൾക്കുണ്ട് . പച്ചക്കള്ളങ്ങൾ ചമക്കുകയും പിന്നീട് അത് പ്രചരിപ്പിക്കുകയും ക്രമേണ അത് സത്യമാണെന്ന തോന്നൽ പൊതു സമൂഹത്തിലുളവാക്കുകയും ചെയ്യുന്ന ഗീബൽസിയൻ രീതിയാണ് താങ്കളും താങ്കളുടെ സംഘടനയും കാലാകാലങ്ങളായി പിന്തുടരുന്നതെന്ന് അറിയാഞ്ഞിട്ടല്ല ചോദിക്കുന്നത് . ചോദിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണല്ലോ എന്ന് കരുതി ചോദിച്ചു എന്ന് മാത്രം . സംഘപരിവാറിനെ വിമർശിക്കാൻ ‘പരിഷ്കൃത സമൂഹത്തിന് ‘ ബോധ്യപ്പെടുന്ന നിരവധി കാരണങ്ങൾ ഉണ്ടെന്നിരിക്കെ അങ്ങനെയല്ലാത്ത ഒരു പോസ്റ്റ് ഇടേണ്ട ആവശ്യം എന്താണ് ? ചാനലുകളിൽ വന്നിരുന്ന് ഇത്തരത്തിൽ പച്ചക്കള്ളങ്ങൾ വിളിച്ചു പറഞ്ഞു എത്രനാൾ കാലം കഴിക്കാമെന്നാണ് താങ്കൾ കരുതുന്നത് ?“ ഷാഹിന ചോദിക്കുന്നു.

ബിജെപിയ്ക്കെതിരേ സംസാരിക്കുന്ന എല്ലാ മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ പ്രവർത്തകരെയും നിശ്ശബ്ദരാക്കിക്കളയാം എന്നു കരുതേണ്ടെന്ന് ഷാഹിന പറയുന്നു.

“മിസ്റ്റർ പദ്മകുമാർ , ഒന്ന് പറഞ്ഞോട്ടെ , പേടിപ്പിച്ചു കളയാം എന്ന് ധരിക്കരുത് . ഗൗരി ലങ്കേഷിനെ അവസാനിപ്പിച്ചത് വഴി ,നിങ്ങൾക്കെതിരെ സംസാരിക്കുന്ന എല്ലാ മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ പ്രവർത്തകരെയും നിശ്ശബ്ദരാക്കിക്കളയാം എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി . സംസാരിച്ചു കൊണ്ടേയിരിക്കും . നിങ്ങൾ പറഞ്ഞത് പോലെ ,’ അതിരൂക്ഷമായ’ ഭാഷയിൽ തന്നെ . വാക്കുകളും ആശയങ്ങളുമാണ് നിങ്ങളെയൊക്കെ ഏറ്റവും വിറളി പിടിപ്പിക്കുന്നത് എന്നറിയാം . ഗൗരി ലങ്കേഷിനെ അവസാനിപ്പിച്ചു എന്നത് നിങ്ങളുടെ തെറ്റിദ്ധാരണയാണ് . അവർ ഇത് വരെ ,കന്നഡയിലെഴുതുകയും കർണാടകത്തിൽ ജീവിക്കുകയും ചെയ്ത ഒരാളായിരുന്നുവെങ്കിൽ ഇപ്പോൾ അവർ രാജ്യം മുഴുവൻ പടർന്നു പിടിച്ച ഒരു വലിയ പ്രസ്ഥാനമായി മാറിയിരിക്കുന്നു . ഇന്ത്യയിലെ മുഴുവൻ ഭാഷകളിലും ഗൗരി ലങ്കേഷ് ഇപ്പോൾ എഴുതി കൊണ്ടിരിക്കുകയാണ് . “ ഷാഹിന പറയുന്നു.

തന്നേക്കാൾ ശക്തമായി സംഘ്പരിവാർ വിമർശനം ഉയർത്തുന്ന ധാരാളം പേർ കേരളത്തിലുണ്ടെങ്കിലും ഷാഹിന നഫീസ എന്ന പേര് മാത്രം  സംഘപരിവാറിനെ അസ്വസ്ഥരാക്കുന്നതെന്തുകൊണ്ടാണെന്ന് തനിക്കറിയാമെന്ന് പറഞ്ഞ ഷാഹിന, ഇന്ത്യൻ എക്സ്പ്രസ്സ് എഡിറ്റർ രാജ്കമൽ ഝാ പറഞ്ഞ ‘സംഘ് പരിവാറിന്റെ ശത്രുവായിരിക്കുക എന്നത് ഒരു ബാഡ്ജ് ഓഫ്ഓണർ ആണ് ‘ എന്ന  വാചകവും ഓർമ്മിപ്പിച്ചു.

https://www.facebook.com/shahinanafeesa/posts/10212361075999618