ബീഹാറില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്

single-img
8 September 2017

പട്‌ന: ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളുമായുള്ള സഖ്യത്തെ ചൊല്ലി ബീഹാറില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. ലാലുവിന്റെ പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന്, ബിഹാറിലെ 27 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19 പേര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് ആവശ്യപ്പെട്ടു.

ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് അഴിമതിക്കേസില്‍ കുടുങ്ങിയിരിക്കുന്ന ലാലു പ്രസാദ് യാദവുമായുള്ള സഖ്യം കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്ന് എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടത്. വോട്ടര്‍മാര്‍ക്ക് ഇടയില്‍ ഇനിയും അസംതൃപ്തി ഉണ്ടാക്കാന്‍ ലാലുവിന്റെ ആര്‍ജെഡിയുമായുള്ള കൂട്ടുകെട്ട് കാരണമാകുമെന്നും എംഎല്‍എമാര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന് മുന്നറിയിപ്പ് നല്‍കി.

ലാലുവിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും, ലാലുവുമായുള്ള സഖ്യം പാര്‍ട്ടിയ്ക്ക് ഗുണകരമാകില്ലെന്നും പറഞ്ഞ എംഎല്‍എമാര്‍ മുസ്ലിം-യാദവ സീറ്റുകള്‍ ആര്‍ജെഡി കൈക്കലാക്കുകയും, ശേഷിക്കുന്ന, വിജയിക്കാന്‍ പ്രയാസമുള്ള സീറ്റുകളാണ് മറ്റുള്ളവര്‍ക്ക് നല്‍കുന്നതെന്നും വ്യക്തമാക്കി. ഇതിനാലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് മികച്ച നേട്ടം കൈവരിക്കാനാകാത്തതെന്നും വിമത എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി.